തൃശൂർ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ, ഇടമലയാർ അണക്കെട്ടുകളുടെ സ്ഥിതി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന യോഗം വിലയിരുത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ പ്രളയസാദ്ധ്യത ഉണ്ടായാൽ പെരിങ്ങൽക്കുത്തിൽ നിന്ന് ചാലക്കുടിപ്പുഴയിലൂടെ ജലം ഒഴുകിപ്പോകുവുന്ന തൃശൂർ ജില്ലയിലെ 13 തദ്ദേശ സ്ഥാപനങ്ങളിൽ നടത്തേണ്ട മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു യോഗം. എറണാകുളം ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളെയും പെരിങ്ങൽക്കുത്തിലെ ജല പ്രവാഹം ബാധിക്കും.
413.35 മീറ്ററാണ് ഇന്നലെ രാവിലെ ആറിന് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ പൂർണ സംഭരണ ശേഷി 423.98 മീറ്ററാണ്. സ്പിൽവേ ക്രസ്റ്റ് ലെവൽ 419.40 മീറ്റർ. ഡാമിന്റെ പുതുക്കിയ ആക്‌ഷൻ പ്ലാൻ പ്രകാരം റിസർവോയറിന്റെ വൃഷ്ടി പ്രദേശത്ത് 115.6 മില്ലി മീറ്ററിൽ കൂടുതൽ മഴ ഉണ്ടായാൽ ബ്ലൂ അലർട്ട് പുറപ്പെടുവിക്കും. അപ്പോൾ ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ അടിയന്തരമായി തുറക്കേണ്ടിവരും. സ്പിൽവേയിലൂടെ സെക്കൻഡിൽ 200 മീറ്റർ ക്യൂബ് ജലം നിയന്ത്രിതമായി ഒഴുക്കേണ്ടി വന്നാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. ഇത് സെക്കൻഡിൽ 200 മീറ്റർ ക്യൂബിൽ കൂടുതലായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും.