തൃശൂർ: വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ മന്ത്രി എ.സി. മൊയ്തീനെ ക്വാറന്റൈനിലാക്കാത്തതിൽ പ്രതിഷേധിച്ച് ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ എന്നിവരുടെ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പത്തിന് സമരം അവസാനിപ്പിക്കും. ടി.എൻ. പ്രതാപൻ തളിക്കുളത്തെ വീട്ടിലും അനിൽ അക്കര വടക്കാഞ്ചേരിയിലെ ഓഫീസിലുമാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
നിരാഹാര സമരം എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയവത്കരിച്ചെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പഞ്ചായത്ത് തലത്തിൽ നടത്തിയ സാമൂഹിക അടുക്കള പോലും എൽ.ഡി.എഫ് പ്രവർത്തകരെ കുത്തിനിറച്ചു. രോഗം തടയാനുള്ള ശ്രമത്തേക്കാൾ അധികം തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
പ്രതാപന്റെയും അനിലിന്റെയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ കളക്ടറേറ്റ് പടിക്കൽ ഉപവാസമിരുന്നു. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ,മുൻ മേയർ ഐ.പി. പോൾ, മുൻ എം.എൽ.എ: എം.പി. വിൻസെന്റ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ദാസൻ, സി.സി. ശ്രീകുമാർ എന്നിവരാണ് ഉപവാസമിരുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു.