മാള: ഭർത്താവും മകനും ലോക്ക് ഡൗണിൽ കുടുങ്ങി വയനാട്ടിൽ. ഭാര്യയും രണ്ട് പെൺമക്കളും വാതിൽ പോലുമില്ലാത്ത ആരുടെയോ പേരിലുള്ള വീട്ടിൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു. ദുരിത കാലത്ത് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഭക്ഷ്യധാന്യം പോലും ലഭിക്കുന്നില്ല ഇവർക്ക്. കാരണം വാർഷിക വരുമാനം ലക്ഷത്തിന് മുകളിലുള്ളവർക്ക് ലഭിക്കുന്ന വെള്ള നിറത്തിലുള്ള റേഷൻ കാർഡാണ് കൈയിലുള്ളത്.
പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ആറാം വാർഡിലെ പുറമ്പോക്ക് സ്ഥലത്തെ വീട്ടിൽ താമസിക്കുന്ന വെണ്ണാട്ടുപറമ്പിൽ രാധാകൃഷ്ണന്റെ ഭാര്യയ്ക്കും മക്കൾക്കുമാണ് ഈ ദുര്യോഗം. ഗൃഹ സന്ദർശനത്തിനിടയിൽ ഇതെല്ലാമറിഞ്ഞതോടെ ഭക്ഷ്യ വിഭവങ്ങളുമായി മാള ജനമൈത്രി പൊലീസെത്തി. മാള സ്റ്റേഷനിലെ പി.ആർ.ഒ സതീഷ്, സി.പി.ഒ സജിത്ത് എന്നിവരാണ് ഭക്ഷണം ഉറപ്പാക്കുന്നതിന് സാധനം എത്തിച്ചത്. ഭീതിയില്ലാതെ അന്തിയുറങ്ങാൻ വീടിന് വാതിൽ ഒരുക്കി നൽകാൻ ശ്രമിക്കുമെന്നും അറിയിച്ചാണ് പൊലീസ് മടങ്ങിയത്.
രാധാകൃഷ്ണനും മകൻ രാംജിത്തും ലോക്ക് ഡൗണിന് മുമ്പ് വയനാട്ടിൽ വർക്ക് ഷോപ്പ് പണിക്ക് പോയതാണ്. ലോക്ക് ഡൗൺ വന്നതോടെ പണി കുറഞ്ഞിട്ടും തിരിച്ചുവരാൻ കഴിയാതെ വയനാട്ടിൽ കുടുങ്ങി. അജിതയും പതിനെട്ടും പതിമൂന്നും വയസുള്ള പെൺമക്കളും ഭക്ഷണത്തിനു പോലും വകയില്ലാതെ അപകടാവസ്ഥയിലായ വീട്ടിലാണ് കഴിയുന്നത്.
ആരോ ഉപേക്ഷിച്ചുപോയ വീട്ടിൽ അഞ്ച് വർഷമായി കഴിയുന്ന ഇവർക്ക് ആറ് മാസം മുമ്പാണ് വീട്ടുനമ്പറും റേഷൻ കാർഡും ലഭിച്ചത്. വർഷങ്ങളായി വാടക വീടുകളിൽ മാറിമാറി കഴിഞ്ഞിരുന്ന കുടുംബത്തിന് സ്വന്തമായി സ്ഥലമില്ല. വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ആയതിനാൽ അരിയും കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ലഭിച്ച സൗജന്യ റേഷൻ മാത്രമാണ് ഈ അമ്മയ്ക്കും മക്കൾക്കും ഒരാഴ്ച മുമ്പ് വരെ ഉണ്ടായിരുന്നത്. അതിനു ശേഷം വിശപ്പടക്കാൻ വീടിനു മുന്നിലെ പ്ലാവിലെ ചക്കയാണ് ലഭിച്ചത്.
............
ആറ് മാസം മുമ്പാണ് വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ലഭിച്ചത്. നാട്ടിൽ പണിയില്ലാതായതോടെ ഭർത്താവും 20 വയസുള്ള മകനും വയനാട്ടിലേക്ക് പണിക്ക് പോയി. പണിയില്ലെങ്കിലും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയാണ്
അജിത
............
ഈ കുടുംബം പഞ്ചായത്തിൽ സ്ഥിരതാമസക്കാരാണെന്നതിന് രേഖകൾ ഇല്ലായിരുന്നു. മറ്റൊരാളുടെ വീട്ടിൽ കുടിയേറി താമസിക്കുകയാണ്. ഉടമയ്ക്കാണ് എന്തെങ്കിലും വീടിന്റെ കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയൂ. റേഷൻ കാർഡ് മാറ്റം വരുത്താൻ നടപടി സ്വീകരിക്കും. ഇവരുടെ പുനരധിവാസത്തിന് സുമനസുകളുടെ സഹായത്തോടെ നടപടി സ്വീകരിക്കും.
സിജി വിനോദ്
പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്