ചാലക്കുടി: നഗരത്തിലെ ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് ഓഫീസിൽ ജന്മംകൊണ്ട മലമ്പാമ്പ് കുഞ്ഞുങ്ങൾക്ക് വാസ സ്ഥലമായ കാട്ടിലേയ്ക്ക് യാത്രഅയപ്പ്. ഇവയുടെ അമ്മ പാമ്പിനേയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. രവീന്ദ്രന്റെ നേതൃത്വത്തിൽ അതിരപ്പിള്ളി മേഖലയിലെ ഉൾക്കാട്ടിൽ എത്തിച്ചു തുറന്നു വിടുകയായിരുന്നു. കുടക്കല്ലൻ റിസർവ് വനത്തിലാണ് തള്ളപ്പാമ്പിനേയും 29 കുഞ്ഞുങ്ങളേയും തുറന്നു വിട്ടത്. തള്ളയുടെ ഒപ്പം കുഞ്ഞുങ്ങളെ വിട്ടില്ല ഇവയെ തിന്നാൻ സാധ്യതയുള്ളതിനാൽ അൽപ്പം അകലെ തോട്ടിലേയ്ക്കായിരുന്നു കുട്ടിപ്പാമ്പുകളെ ഒഴുക്കിയത്.
ഇരിങ്ങാലക്കുടയ്ക്ക് സമീപത്തു നിന്നാണ് ലോക്ക് ഡൗൺ വേളയിൽ മലമ്പാമ്പിനെ കിട്ടിയത്. കാട്ടിലാക്കാൻ ശ്രമിക്കുന്നതിനിടെ ഇതു മുട്ടയിട്ടു തുടങ്ങി. പുറത്തുവന്ന മുപ്പതു മുട്ടകളുമായി അടവച്ച വനപാലകർ പിന്നീട് കാത്തിരിപ്പും തുടങ്ങി. ഒടുവിൽ ഒന്നൊഴികെ മറ്റെല്ലാ മുട്ടകളും വിരിഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.സി. ലിജേഷ്, റെസ്‌ക്യൂ വാച്ചർ ഫിലിപ്പ് കൊറ്റനെല്ലൂർ, ഡ്രൈവർ അജിത്ത് എന്നിവരായിരുന്നു ദൗത്യ സംഘത്തിൽ.