ചാലക്കുടി: നഗരത്തിലെ പാം റോഡ് സഞ്ചാര യോഗ്യമല്ലാതാകുന്നു. മാർക്കറ്റ് റോഡ്, മെയിൻ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡാണിത്. പാം റോഡിന്റെ കിഴക്കു ഭാഗത്ത് രൂപം കൊണ്ട ഗർത്തം അനുദിനം വലുതാകുന്നതാണ് ഗതാഗതത്തിന് തടസമാകുന്നത്. മഴ ആരംഭിച്ചതോടെ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നു.
നേരത്തെയുണ്ടായിരുന്ന ചെറിയ കുഴി വലുതായി ഇപ്പോൾ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് മാറുകയായിരുന്നു. ഇരുചക്ര വാഹനങ്ങളെല്ലാം അതി സാഹസികമായാണ് ഇതിലൂടെ കടന്നുപോകുന്നത്. പൈപ്പ് ലൈൻ പൊട്ടിയിനെ തുടർന്നുള്ള റോഡ് തകർച്ചയും ഇതിനടുത്ത മാർക്കറ്റ് റോഡിന് പാരയായി കിടക്കുന്നു. നഗരസഭയുടെ കരാറുകാർ അപ്രഖ്യാപിതമായ സമരത്തിലായത് അറ്റകുറ്റ പണിക്ക് തടസമാവുകയാണ്. സ്വകാര്യ വക്തികൾ വിട്ടുനൽകിയ സ്ഥലം ഉപയോഗപ്പെടുത്തി നഗരസഭ നിർമ്മിച്ച പാം റോഡ് മാർക്കറ്റിലെ തിരക്കുള്ള നേരങ്ങളിൽ ഗതാഗതത്തിന് ഏറെ പ്രയോജനം ചെയ്യുന്ന റോഡാണ്.