കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പതിനായിരം പൂർത്തീകരിച്ചു. 2016 ആഗസ്റ്റിലാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇന്നസെന്റ് എം.പിയായിരിക്കെ എം.പി.ഫണ്ട് ഉപയോഗിച്ച് നാല് ഡയാലിസിസ് യൂണിറ്റ് അനുവദിച്ചതോടെയായിരുന്നു ഇത്. എന്നാൽ ഈ സൗകര്യം ഉപയോഗപ്പെടുത്തി, സേവനം തീർത്തും സൗജന്യമാക്കണമെന്ന അന്നത്തെ നഗരസഭാ ചെയർമാനായിരുന്ന സി.സി. വിപിൻചന്ദ്രന്റെയും ഇപ്പോഴത്തെ ചെയർമാനായ കെ.ആർ. ജൈത്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ് എന്നിവർ നേതൃത്വം നൽകിയ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ ആഗ്രഹവും അതിനായി ആവിഷ്‌കരിച്ച പദ്ധതികളുമാണ് ഇത്തരം മഹത്തായ പ്രവൃത്തിയിലേക്ക് നാന്ദിയായത്.

പ്രശസ്ത ഫിസിഷ്യൻ കൂടിയായ ഡോ. എൻ.വി. സജിത്തിന്റെ പരിചയസമ്പത്തും ഇത്തരം ആശയത്തിന് അന്ന് കരുത്തേകി. സൗജന്യ ഡയാലിസിസ് പദ്ധതി താലൂക്ക് ആശുപത്രിയുടെ ഏറ്റവും വലിയ ജനാഭിമുഖ്യമുള്ള പരിപാടിയായത് വളരെ പെട്ടെന്നായിരുന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ഇടപെടലിലൂടെ കിഫ്ബിയുടെ ആഭിമുഖ്യത്തിൽ ആറ് ഡയാലിസിസ് മെഷീനുകൾ കൂടി ലഭ്യമാക്കിയതോടെ ഈ സേവനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആശുപത്രിക്ക് കഴിഞ്ഞു. ഇന്നേ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് ഒരു കോടിയിൽപരം രൂപയുടെ സേവനം ഇത് വഴി വൃക്ക രോഗികൾക്ക് ലഭ്യമാക്കാൻ താലൂക്ക് ആശുപത്രിക്ക് സാധ്യമായി. ഇതിൽ അറുപത് ലക്ഷം രൂപയും നൽകിയത് നഗരസഭയാണ്.

ബാക്കി സംഖ്യ വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിക്കാൻ ഈ ജനസൗഹൃദ ആതുരാലയത്തിന് കഴിഞ്ഞു എന്നത് ഈ സംരംഭത്തെ നയിക്കുന്നവർക്കും അവിടുത്തെ ജീവനക്കാർക്കും എന്നെന്നും അഭിമാനിക്കാൻ വകയേകുന്നു. പതിനായിരം ഡയാലിസിസ് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ഇന്നലെ ആശുപത്രി അങ്കണത്തിൽ നടന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പതിനായിരം ഡയാലിസിസ് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, ഡോ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.