ചേലക്കര: ചേലക്കര പഞ്ചായത്തിന്റെ വാഹനം ടയർ പൊട്ടി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു നിന്നു. വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്തംഗങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 3.45 ഓടെ സംസ്ഥാനപാത മണലാടി വളവിൽ വച്ചാണ് അപകടം. നെഞ്ചുവേദനയെ തുടർന്ന് മരിച്ച പഞ്ചായത്ത് ജീവനക്കാരനായ പി.ആർ. മണികണ്ഠന്റെ മൃതദേഹവുമായി തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ആംബുലൻസിനെ അനുഗമിച്ച് വരുന്നതിനിടെയാണ് അപകടം. വളവ് തിരിഞ്ഞ് വരുന്നതിനിടെ ജീപ്പിന്റെ മുൻ വശത്തെ ടയർ പൊട്ടിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ശ്രീകുമാർ, വിനോദ് പന്തലാടി, മോഹൻദാസ്. എം(തോന്നൂർക്കര), പി.എ. അച്ചൻകുഞ്ഞ്, മോഹൻദാസ്. ടി.വി (കുട്ടാടൻ) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തുടർന്ന് മറ്റൊരു വാഹനത്തിലാണ് ഗ്രാമപഞ്ചായത്തംഗങ്ങൾ ചേലക്കരയിലെത്തിയത്.