കാഞ്ഞാണി: സ്വപ്നപദ്ധതിയായ മണലൂർ വഞ്ചിക്കടവ് കുടിവെള്ള പദ്ധതിക്ക് വർഷങ്ങൾ പിന്നിട്ടിട്ടും ശാപമോക്ഷമായില്ല. കുടിവെള്ള ക്ഷാമം നേരിടുന്ന പാലാഴിയിലേക്ക് വഞ്ചിക്കടവിൽ നിന്ന് വെള്ളം ശുദ്ധികരിച്ച് എത്തിക്കാൻ ഒരു കോടി രൂപ ചെലവുവരുന്ന പദ്ധതിക്കാണ് മണലൂർ പഞ്ചായത്ത് തുടക്കമിട്ടത്. സി.എൻ. ജയദേവൻ എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം ഉപയോഗിച്ച് 2017ൽ ആറുമീറ്റർ വ്യാസമുള്ള കിണർ നിർമ്മാണം പൂർത്തീകരിച്ച് മുന്ന് വർഷമായിട്ടും ഇതുവരെ വെള്ളം എത്തിക്കാനുള്ള നടപടികൾ ഉണ്ടായില്ല.
പാലാഴിയിലെ ജലസംഭരണിയിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. കിണർ നിർമ്മാണം, 2300 മീറ്റർ ഭുമിക്ക് അടിയിലൂടെ പൈപ്പ് സ്ഥാപിക്കൽ, കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, പംമ്പിംഗ് മോട്ടോർ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ വാട്ടർ അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയത്. എം.പി ഫണ്ട് 20 ലക്ഷം, ജില്ലാ പഞ്ചായത്ത് 10 ലക്ഷം ഉൾപ്പെടെ പഞ്ചായത്ത് ഫണ്ട് അടക്കം ഒരു കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്.
കിണർ പൂർത്തീകരിച്ചെങ്കിലും തുടർപ്രവ്യത്തികൾക്കുള്ള ഫണ്ട് പഞ്ചായത്തിൽ നിന്ന് കിട്ടാനുള്ള കാലതാമസമാണ് ടെൻഡർ നടപടികൾ വൈകുന്നതിന് ഇടയാക്കുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. എന്നാൽ എല്ലാ ഫണ്ടും നൽകിയെന്നും വാട്ടർ അതോറിറ്റിയുടെ കൊടുകാര്യസ്ഥത മൂലമാണ് പദ്ധതി വൈകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറയുന്നു.
വിവിധ കാലത്തെ പഞ്ചായത്ത് ഭരണസമിതികൾ തീരദേശ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങളാണ് ചെലവഴിച്ചത്. എം.പി, എം.എൽ.എ, പഞ്ചായത്ത് ഫണ്ടുകൾ ചെലവഴിച്ചും പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല. മണലൂർ പഞ്ചായത്തിനുള്ളിൽ നാലു ജലസംഭരണികളാണ് ഇതുപോലെയുള്ളത്. വഞ്ചിക്കടവ് കുടിവെള്ള പദ്ധതിയെങ്കിലും കാര്യക്ഷമതയോടെയും ദീർഘവിഷ്ണത്തൊടെയും നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം.
വഞ്ചിക്കടവ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള മുഴുവൻ ഫണ്ടും വാട്ടർ അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ടെൻഡർ വിളിച്ച് പദ്ധതി നടപ്പിലാക്കേണ്ടത് വാട്ടർ അതോറിറ്റിയാണ്. വാട്ടർ അതോറിറ്റിയുടെ കൊടുകാര്യസ്ഥതയാണ് പദ്ധതി വൈകാൻ കാരണം.
- വിജി ശശി, പഞ്ചായത്ത് പ്രസിഡന്റ്
മണലൂരിലെ എല്ലാ കുടിവെള്ള പദ്ധതികളും പരാജയമാണ്. പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലൂം ഒന്നും കാര്യക്ഷമമായില്ല. ആസൂത്രണത്തിലെ അപാകതയാണ് കാരണം. വഞ്ചിക്കടവ് കുടിവെള്ള പദ്ധതിയുടെ കാര്യത്തിലും വേണ്ടത്ര ആസൂത്രണമില്ല. കാലപ്പഴക്കമേറിയ പാലാഴിയിലെ ജലസംഭരണിയുടെ ബലക്ഷയം പരശോധിച്ച് അറ്റകുറ്റപ്പണി നടത്തിവേണം ഇനി നടപ്പിലാക്കാൻ.
- ശിവരാമൻ കണിയാംപറമ്പിൽ, ഗ്രാമവികസന സമിതി