തൃശൂർ: അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് ജന്മ നാട്ടിലേക്ക് തിരികെ വരാനുള്ള ജില്ലാ പാസ് വിതരണത്തിലും വിദേശ മലയാളികൾക്ക് ഒരുക്കേണ്ട താലൂക്ക് തല ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒരുക്കുന്നതിലും, പെയ്ഡ് ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ടി.എൻ. പ്രതാപൻ എം.പി ആരോപിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരേണ്ട മലയാളികൾക്കുള്ള പാസ് ജില്ലാ ഭരണകൂടം നൽകുന്നില്ല. പ്രാദേശിക ഭരണ കൂടങ്ങളുടെ കീഴിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിനും ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
അയൽ സംസ്ഥാനത്തേക്ക് സ്വന്തം ചെലവിൽ പോകുന്നവർക്ക് ജില്ലാ ഭരണകൂടം പാസ് അനുവദിക്കുന്നുമുണ്ട്. ഇനിയും ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനം ഇതുപോലെ തുടർന്നാൽ യു.ഡി.എഫ് ജനപ്രതിനിധികൾ കളക്ടറേറ്റിനു മുന്നിൽ രണ്ടാംഘട്ട സമരത്തിലേക്കു നീങ്ങുമെന്നും പ്രതാപൻ അറിയിച്ചു.