തൃശൂർ : കൊവിഡ് വ്യാപനത്തെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാനുള്ള സർക്കാർ തീരുമാനപ്രകാരം ജില്ലയിൽ എത്തിയ ആദ്യസംഘത്തിന്റെ സ്ഥാപന നിരീക്ഷണം ഇന്ന് പൂർത്തിയാകും. ഏഴിന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ സംഘത്തിന്റെ 14 ദിവസത്തെ നിരീക്ഷണ കാലാവധിയാണ് പൂർത്തിയാക്കുന്നത്. അബുദാബി - കൊച്ചി വിമാനത്തിൽ എത്തിയ 177 പേരിൽ തൃശൂർ ജില്ലയിൽ നിന്നുളള 72 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 39 പേരെ ഗുരുവായൂരിലെ ലോഡ്ജിൽ എത്തിച്ചു.
വിമാനത്താവളങ്ങളിലെ നടപടികൾ പൂർത്തിയാക്കി പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളിൽ ഹോട്ടലിൽ എത്തിച്ചവർ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി. 7 ദിവസത്തെ സ്ഥാപന നിരീക്ഷണമാണ് ആദ്യം നിഷ്‌കർഷിച്ചതെങ്കിലും പിന്നീട് 14 ദിവസമാക്കി നീട്ടി. നിരീക്ഷണ കാലയളവിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണം പൂർത്തിയാകുന്ന 34 പേർക്ക് ഇക്കാര്യം വ്യക്തമാക്കി സർട്ടിഫിക്കറ്റ് നൽകും. 22ന് ഇവരെ വീടുകളിലേക്ക് അയക്കും. ഇതിനുള്ള വാഹനങ്ങൾ സ്വന്തമായി ക്രമീകരിക്കണം.
എട്ടിന് ജില്ലയിലേക്ക് തിരിച്ചെത്തി തൃശൂർ ഗരുഡ ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ച 27 പേരുടെയും ഒമ്പതിന് എത്തി കിലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച 28 പേരുടെയും പത്തിന് തിരിച്ചെത്തി മുരിങ്ങൂർ ഡിവൈനിൽ പാർപ്പിച്ച 26 പേരുടെയും 14 ദിവസത്തെ സ്ഥാപന നിരീക്ഷണം തുടർന്നുള്ള ദിവസങ്ങളിൽ പൂർത്തിയാക്കും. അതനുസരിച്ച് അവരെയും വീടുകളിലേക്ക് തിരിച്ചയ്ക്കും. വീടുകളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക് ഫോൺ: 9400063731/32/33/34/35.