തൃശൂർ: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് തുടങ്ങിയെങ്കിലും യാത്രക്കാർ ഇല്ല. അതേസമയം വൈകീട്ട് തിരക്ക് അനുഭവപ്പെട്ടു. ഭൂരിഭാഗം ബസുകളിലും യാത്രക്കാരായി ഉണ്ടായിരുന്നത് സർക്കാർ ജീവനക്കാരായിരുന്നു. ജില്ലയിലെ ഡിപ്പോകളായ തൃശൂർ, പുതുക്കാട്, മാള, കൊടുങ്ങല്ലൂർ, ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നെല്ലാം സർവീസ് നടത്തിയിരുന്നു.

എന്നാൽ നിലവിൽ ഓടുന്ന റൂട്ടുകളിൽ മാത്രമായിരുന്നു സർവീസ്. അതേസമയം ഗ്രാമപ്രദേശങ്ങളെ ഇടറൂട്ടുകളിൽ സർവീസ് ഇല്ലാത്തത് യാത്രക്കാർക്ക് തിരിച്ചടിയായി. സർക്കാർ ജീവനക്കാരും മറ്റും മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. നിലവിലുണ്ടായിരുന്ന ചർജ്ജിനേക്കാൾ അമ്പത് ശതമാനം വർദ്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. അമ്പത് ശതമാനം ജീവനക്കാരെയാണ് സർവീസ് നടത്തുന്നതിന് നിയോഗിച്ചിട്ടുള്ളത്.

യാത്രക്കാർക്ക് സാനിറ്റൈസർ ഇല്ല


യാത്രക്കാർക്കായി സാനിറ്റൈസർ ഉൾപ്പെടെയുള്ളവ കരുതണമെന്ന നിർദ്ദേശമുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസിൽ ഇതൊന്നും സജ്ജീകരിച്ചിരുന്നില്ല. ജീവനക്കാർ സ്വന്തം ചെലവിൽ വാങ്ങി അവർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈവശം വച്ചിട്ടുണ്ട്. സാനിറ്റൈസറും മറ്റും വാങ്ങാൻ പണം നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.

ആകെ സർവീസ് നടത്തിയത്- 92 ബസുകൾ
തൃശൂർ ഡിപ്പോയിൽ നിന്ന്- 17 ബസ്

ആകെ കയറുന്ന യാത്രക്കാർ- 26

ഇന്ന് മുതൽ കൂടുതൽ സർവീസ് ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ന് പട്ടിക്കാട്ട് റൂട്ടിലേക്ക് സർവീസ് ആരംഭിക്കും
- സെബി, ഡി.ടി.ഒ, തൃശൂർ