തൃശൂർ: ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ പോകാതെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ അഞ്ചുപേരെ പൊലീസ് കണ്ടെത്തി ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറി. ഇന്നലെ പുലർച്ചെയാണ് കർണ്ണാടക ബസിൽ അഞ്ച് പേർ തൃശൂരിൽ എത്തിയത്. സ്വകാര്യ എജൻസികൾ വഴി വന്നവരാണ് ഇവരെന്ന് ഡി.എം.ഒ പറഞ്ഞു. ഇവരെ ഉടൻ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എല്ലാവരും സർക്കാർ നിർദ്ദേശ പ്രകാരമുള്ള പാസുകളുമായി കൃത്യമായി നിരീക്ഷണത്തിലിരിക്കാൻ തയ്യാറാകണമെന്ന് ഡി.എം.ഒ: കെ.ജെ. റീന പറഞ്ഞു. ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണം. രാജ്യത്ത് ജനവരി 29ന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂരിൽ ഏപ്രിൽ ഏഴ് വരെ 13 പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് 32 ദിവസം ഒറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും ആളുകൾ വന്നു തുടങ്ങിയതോടെ മേയ് ഏഴ് മുതൽ ഇതുവരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 13 പോസറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. എന്നാൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നില്ലായെന്നത് ആശ്വാസം പകരുന്നുണ്ട്.