തൃശൂർ: ലോക്ക് ഡൗൺ കാലം തുടരുന്നതിനിടയിലും സപ്ലൈകോയുടെ നെല്ല് സംഭരണം 92933 ടൺ. ജില്ലയിലെ ആറ് താലൂക്കുകളിലായി സംഭരിച്ച നെല്ലിന്റെ മൂല്യം 250.5 കോടിയാണ്. ജില്ലയിൽ രജിസ്റ്റർ ചെയ്ത 42,225 കർഷകരിൽ നിന്നാണ് കഴിഞ്ഞ 19 വരെ ഇത്രയും നെല്ല് സംഭരിച്ചത്. മേയ് 18 വരെയുള്ള കണക്കനുസരിച്ച് 215 കോടി രൂപ കർഷകർക്ക് ലഭിച്ചു.

കൊയ്ത്ത് നടക്കുന്ന സമയത്ത് തന്നെ മില്ലുകൾ അനുവദിച്ച് കിട്ടിയതിനാൽ നെല്ല് കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായില്ല. എറണാകുളം ജില്ലയിലെ കാലടി മേഖലയിൽ ഉൾപ്പെടെയുള്ള 36 മില്ലുകളാണ് സജീവമായി സംഭരണം നടത്തുന്നത്.


*ലഭിക്കുന്നത് മികച്ച സംഭരണ വില

* കേന്ദ്ര സർക്കാർ വിഹിതം 18.15 രൂപ

* സംസ്ഥാന സർക്കാർ വിഹിതം 8.80 രൂപ

* കർഷകന് ലഭിക്കുന്നത് കിലോയ്ക്ക് 26.95 രൂപ

* സ്വകാര്യ മില്ലുകൾ നൽകുന്നത് 19 രൂപ


പാഡി രശീത് സ്റ്റേറ്റ്‌മെന്റ് (പി.ആർ.എസ്) അതത് ബാങ്കുകളിൽ നൽകിയാൽ രണ്ടാം ദിനം കർഷകന്റെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും വരും. ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ബാങ്കുകൾ കർഷകർക്ക് പി.ആർ.എസ് പദ്ധതി പ്രകാരം വായ്പയായി നൽകുന്ന തുക സപ്ലൈകോ പലിശ സഹിതം തിരിച്ചടയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്.

സംഭരിച്ച നെല്ലിന്റെ വിവരം
താലൂക്ക്, രജിസ്റ്റർ ചെയ്തവരുടെ എണ്ണം, സംഭരിച്ച നെല്ലിന്റെ അളവ് (കിലോഗ്രാം) എന്ന ക്രമത്തിൽ.

1. ചാലക്കുടി- 2641- 5284005
2. ചാവക്കാട്- 3698- 11014428
3. കൊടുങ്ങല്ലൂർ- 209- 336109
4. മുകുന്ദപുരം- 4892- 11321249
5. തലപ്പിള്ളി- 12609- 28309405
6. തൃശൂർ- 18273- 36668365
ആകെ- 42322- 92933561 (92933 ടൺ)