കൊടുങ്ങല്ലൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തെഴുതൽ സമരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 ഓളം കത്തുകളയച്ചു.
കച്ചവടക്കാരുടെ വായ്പയുടെ മോറട്ടോറിയം ഒരു വർഷം ആക്കുക, മൊററ്റോറിയം കാലയളവ് പലിശ ഒഴിവാക്കുക, വ്യാപാര മേഖലയ്ക്ക് കൂടി പാക്കേജ് അനുവദിക്കുക, ചെറുകിട വ്യാപാരികൾക്ക് പതിനായിരം രൂപ മുതലുള്ള ഗ്രാൻഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. മർച്ചന്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും യൂത്ത് വിംഗ് രക്ഷാധികാരിയുമായ പി.കെ. സത്യശീലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സെക്രട്ടറി സി.എച്ച്. ഹനീഷ്, പ്രസിഡന്റ് എം.എം. രാധാകൃഷ്ണൻ, ടി.പി. സന്ദീപ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.