തൃശൂർ : കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച സി.പി.എം അനുകൂല നഴ്‌സസ് സംഘടനാ നേതാക്കളെ 14 ദിവസം നിർബന്ധ നിരീക്ഷണത്തിലാക്കി. കൊവിഡ് ഡ്യുട്ടി സുപ്പർവൈസർ തസ്തികയിൽ ജോലി ചെയ്യുന്ന ഉഷാറാണി, വി.എ മല്ലിക എന്നിവരോടാണ് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.
ഇവരുടെ സ്വാബ് പരിശോധിക്കാനും ഉത്തരവിട്ടു. കൂടാതെ ജോലിയിരിക്കെ കൃത്യവിലോപം കാണിച്ച ഇവരോട് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയിലിരിക്കെ മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവ ധരിക്കാതെയാണ് ഇവർ ജോലി ചെയ്തിരുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് നടപടിയെടുത്തത്. കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗമാണ് ഉഷാറാണി. ജില്ലാ കമ്മിറ്റി അംഗമാണ് മല്ലിക.
നേരത്തെ നഴ്‌സസ് ദിനത്തിൽ വാളയാറിൽ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ടി.എൻ പ്രതാപൻ എം.പി മധുരം നൽകിയ സംഭവത്തിൽ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കളെ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ നഴ്‌സിംഗ് സൂപ്രണ്ടിനെ നിരീക്ഷണത്തിലാക്കാതിരുന്നത് വിവാദമായിരുന്നു.