തൃശൂർ : ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ എംപീസ് ഹരിതം പദ്ധതി 25 ന് തുടങ്ങും. പാർലമെന്റ് മണ്ഡലത്തിലെ ആരാധനാലയങ്ങൾ, അനാഥശാലകൾ, കോൺവെന്റുകൾ, വിവിധ മഠങ്ങൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും വനിതാ – യുവജന കൂട്ടായ്മകളിൽ നിന്നും, അമ്പത് സെന്റിൽ കൂടുതൽ കൃഷിയിടമുള്ള കർഷകരിൽ നിന്നും 'എംപീസ് ഹരിതം' ജൈവപച്ചക്കറി കൃഷി പദ്ധതിയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി.
ഏഴ് നിയോജക മണ്ഡലങ്ങളിലെ 223 സ്ഥലങ്ങളിൽ നിന്നായി 377.65 ഏക്കർ കൃഷിയിടങ്ങളാണ് രജിസ്റ്റർ ചെയ്തത്. 90 സ്ഥാപനാധിഷ്ഠിത കൃഷിയിടങ്ങളിൽ 160.73 ഏക്കറും, 52 കൂട്ടായ്മ അധിഷ്ഠിത കൃഷിയിടങ്ങളിൽ 159.61 ഏക്കറും, 53 വ്യക്തിഗതാധിഷ്ഠിത കൃഷിയിടങ്ങളിൽ 57.31 ഏക്കർ കൃഷിയിടങ്ങളുമാണ് ജൈവ പച്ചക്കറി കൃഷിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 9.30 ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കൃഷിഭൂമിയിൽ ഉദ്ഘാടനം നിർവഹിക്കും. ജൂൺ ഒന്നിന് മുമ്പായി എംപീസ് ഹരിതത്തിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും തെരഞ്ഞെടുത്ത മുഴുവൻ സ്ഥലങ്ങളിലും വിത്തിറക്കൽ പൂർത്തിയാക്കും.
കേന്ദ്ര സർക്കാരിന്റെ നാഷണൽ സീഡ് കോർപറേഷൻ, കേരള കാർഷിക സർവകലാശാല, വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിൽ കേരള എന്നിവയിൽ നിന്നും വാങ്ങിയ 14 ഇനം വിത്തുകളാണ്. എംപീസ് ഹരിതം പദ്ധതിയിലൂടെ കൃഷി ചെയ്യുന്നതിനായി നൽകുന്നത്. ഓണക്കാല പച്ചക്കറിക്കായിട്ടാണ് പദ്ധതി.