ചാവക്കാട്: മന്ത്രിസഭയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കുട്ടാടൻ സമഗ്രപദ്ധതി യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ വർഷം ഫെബ്രവരി 25നായിരുന്നു മന്ത്രി വി.എസ്. സുനിൽകുമാർ കുരഞ്ഞിയൂർ കുട്ടാടം പാടത്ത് വച്ച് പദ്ധതി ഉദ്ഘാടനം നടത്തിയത്. മുൻ എം.പി സി.എൻ. ജയദേവൻ ധനസഹായവും നൽകിയിരുന്നു. ഗുരുവായൂർ മുനിസിപ്പാലിറ്റി, വടക്കേകാട്, പുന്നയൂർ പഞ്ചായത്ത് എന്നിവടങ്ങളിലായി ചേർന്ന് കിടക്കുന്ന ഏകദേശം 600 ഏക്കർ പാടശേഖരമാണ് കുട്ടാടൻ പാടം.
ഒരു കാലത്ത് നെൽക്കൃഷിയിൽ സമൃദ്ധിയായിരുന്നു കുരഞ്ഞിയൂർ കുട്ടാടം പാടശേഖരം. എന്നാൽ കൃഷിയിൽ നിന്നും ഒരു തലമുറ പുറം തിരിഞ്ഞപ്പോൾ മുപ്പത് വർഷത്തിലേറെയായി ഇവിടം കൃഷി യോഗ്യമല്ലാതായി. ചീര വർഗ്ഗത്തിൽപ്പെട്ട കിടങ്ങ് വളർന്ന് ഇവിടെ കാട് പിടിച്ച് കിടക്കുകയായിരുന്നു. വി.എസ്. അച്യുതാന്ദൻ സർക്കാരിന്റെ കാലത്ത് പ്രദേശം കൃഷിയോഗ്യമാക്കുവാൻ പദ്ധതിയുണ്ടായെങ്കിലും പലകാരണങ്ങളാൽ നടന്നില്ല. എന്നാൽ കെ.വി. അബ്ദുൾഖാദർ എം.എൽ.എയുടെ ഇടപ്പെടലുകളിലൂടെ കഴിഞ്ഞ മൂന്ന് മാസമായി പാടം വീണ്ടെടുക്കൽ പ്രവൃത്തികൾ നടക്കുകയാണ്.
റൂറൽ ഡെവലപ്പ്‌മെന്റ് ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ചാണ് കുട്ടാടൻ പാടം പുനരുജ്ജീവിപ്പിക്കുന്നത്. ജല ലഭ്യത ഉറപ്പാക്കുന്നതിനായി ചെറുതും വലുതുമായി 72ൽ അധികം തോടുകളാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പാടത്തിന്റെ ഉടമകൾക്ക് കൃഷി ചെയ്യാം അല്ലെങ്കിൽ കൈത്തോടുകൾ ചേരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കർഷക കമ്മിറ്റികൾക്ക് രൂപം നൽകും. കൃഷി വീണ്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ജനപ്രതിനിധികൾ, പാടശേഖരസമിതികൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കായി പ്രത്യേകം പരിശീലന പരിപാടി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
....................................
കുട്ടാടൻ പാടത്തെ അനുബന്ധ തോടുകൾ ശുചീകരണം, പാടത്തിലൂടെ നടത്തം, പാടത്തിന്റെ വിവിധ ശ്രേണികളിലുള്ള തോടുകളുടെ സർവേ തുടങ്ങിയവ ഏതാണ്ട് പൂർത്തിയായി. പാടം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ വ്യക്തമായ ചർച്ച നടത്തി കുട്ടാടൻ പാടത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് വിഷയാവതരണം നടത്തും
- കെ.വി. അബ്ദുൾഖാദർ എം.എൽ.എ
കുട്ടാടൻ പാടം
കെ.വി. അബ്ദുൾഖാദർ എം.എൽ.എ