valapad-janamythree-polic
ഗൗതം കൃഷ്ണക്കും കുടുംബത്തിനും ഇനി സ്വസ്ഥമായി ഉറങ്ങാം, വീടിന് ചോർച്ചയില്ലാതെ

എടമുട്ടം: ചോർന്നൊലിക്കുന്ന വീട്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര ദ്രവിച്ചു തുടങ്ങി. ഓടുകൾ പലതും പൊട്ടി. രാത്രിയിൽ മഴ പെയ്യുമ്പോഴേ വീട്ടിലുള്ളവരെല്ലാം ഉണരും. ചോർച്ചയില്ലാത്ത ഭാഗത്തേക്ക് മാറി മാറി ഇരിക്കും. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ച പ്രകാരം എടമുട്ടം പടിഞ്ഞാറ് താമസിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി ഗൗതം കൃഷ്ണയുടെ വീട്ടിൽ വലപ്പാട് ജനമൈത്രി പൊലീസ് എത്തുമ്പോൾ കണ്ടതും അറിഞ്ഞതുമായ കാഴ്ചകൾ ഇതാണ്.

അസ്ഥി തേയ്മാനം ഉള്ളതിനാൽ തയ്യൽ തൊഴിലാളിയായിരുന്ന ഗൗതമിന്റെ പിതാവ് വേതോട്ടിൽ പ്രകാശന് തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥ. രണ്ട് ഓപ്പറേഷൻ കഴിഞ്ഞതോടെ അമ്മയ്ക്കും തൊഴിലെടുക്കാനാകാതെയായി. കുടുംബത്തിന്റെ അവസ്ഥ വളരെ മോശം. ഭക്ഷണ സാധനങ്ങളും മരുന്നിനുള്ള തുകയും നൽകി പെട്ടന്ന് പോകാനിറങ്ങിയ പൊലീസ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ എ.എസ്.ഐ നൂറുദ്ദീനും, ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷും മറ്റും ചേർന്ന് വീടിന്റെ ചോർച്ച ഒഴിവാക്കാൻ നടപടിയെടുത്തു.

ആകെയുള്ള എട്ട് സെന്റ് സ്ഥലത്താണ് വീട്. അതിന് പത്ത് അവകാശികളാണ്. ശക്തമായി കാറ്റൊന്ന് വീശിയാൽ അടുത്തുള്ള തെങ്ങ് വീഴുമോ എന്ന ഭയവും ഈ കുടുംബത്തിനുണ്ട്. സർക്കാരിൽ നിന്ന് ലഭിച്ച ഭക്ഷ്യവസ്തുക്കളും മറ്റുമായിരുന്നു ഇതുവരെയുള്ള ആശ്വാസം.
ബസ് സർവ്വീസ് ഇല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ തുടർ ചികിത്സയ്ക്ക് തടസം നേരിട്ട അവസ്ഥയിലാണ് പ്രകാശൻ. സാമ്പത്തിക ബുദ്ധിമുട്ട് മൂലം 400ൽ താഴെ വരുന്ന കറന്റ് ബില്ലു പോലും അടക്കാനായിട്ടില്ല ഇവർക്ക്. പത്താം ക്ലാസ് വരെ ഉയർന്ന മാർക്കോടെ വിജയിച്ച ഗൗതമിനെ മാതാപിതാക്കളുടെ രോഗാവസ്ഥ മനസികമായി തളർത്തുന്നു. ഗൗതം കൃഷ്ണ മാതാപിതാക്കളെ സഹായിക്കാനായി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുകയും ചെയ്യുന്നു. വിവരം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ തൃപയാർ ബ്യൂട്ടി ഗ്രൂപ്പിന്റെ സഹകരണത്തോടെ വീടിന്റെ മേൽക്കൂര മുഴുവനും ടർപ്പായ വിരിച്ച് ചോർച്ച അടച്ചു. പൊലീസിന്റെ വകയായി ഭക്ഷ്യവസ്തുക്കളും നൽകി. സുമനസുകളെ കണ്ടെത്തി ഗൗതമിന് മെച്ചപ്പെട്ട തുടർപഠനം ഒരുക്കാനും, മാതാപിതാക്കൾക്ക് ആവശ്യമായ മരുന്നെത്തിക്കാനും, മറ്റു സഹായങ്ങൾക്കും ശ്രമിക്കുമെന്ന് വലപ്പാട് എസ്.എച്ച്.ഒ സുമേഷ് അറിയിച്ചു. വലപ്പാട് ജനമൈത്രി പൊലീസ് എസ്.ഐ അരിസ്റ്റോട്ടിൽ, എ.എസ്.ഐ നൂറുദ്ദീൻ, പി.ആർ.ഒ എൻ.കെ അസീസ്, ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ്, കൃഷ്ണദാസ്, സാമൂഹികപ്രവർത്തകൻ ഷെമീർ എളേടത്ത്, ബ്യൂട്ടി ഗ്രൂപ്പ് എം. ഡി റാസിക് സെയ്തുമുഹമ്മദ് തുടങ്ങിയവരും നേതൃത്വം നൽകി.