chavakkad-auto-drivers
ചാവക്കാട് പൊലീസിന്റെ കാവൽ പുരയായിരുന്ന ടൗണിലെ ഓട്ടോറിക്ഷ പാർക്ക്

ചാവക്കാട്: രണ്ട് മാസത്തോളം ചാവക്കാട് പൊലീസിന്റെ കാവൽ പുരയായിരുന്ന ടൗണിലെ ഓട്ടോറിക്ഷാ പാർക്കിൽ ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് ഓട്ടോറിക്ഷകളെത്തി. പൊലീസ് പ്രവർത്തനം കഴിഞ്ഞ് ഓട്ടോറിക്ഷകൾ നിരന്നെങ്കിലും നിരാശയായിരുന്നു ഫലം. രാവിലെ മുതൽ ചാവക്കാട് തീരദേശത്തെ എല്ലാ ഓട്ടോ പാർക്കുകളും സജീവമായെങ്കിലും ഈ അവസ്ഥ തന്നെയായിരുന്നു. റംസാനിന്റെ അവസാന നാളുകളിൽ ഓട്ടം കിട്ടുമെന്ന് പ്രതീക്ഷയോടെയാണ് പാർക്കുകളിലേക്ക് ഓട്ടോ തൊഴിലാളികളെത്തിയത്. എന്നാൽ വരുമാനം തീരെ കുറവായിരുന്നെന്ന് അവർ പറയുന്നു. പലിശക്ക് പണമെടുത്തവർക്കും ബാങ്ക് ലോൺ തുടങ്ങിയവ ഉള്ളവർക്കുമാണ് ഏറെ ദുരിതമുള്ളത്. അതിനിടയ്ക്ക് കറന്റ് ബില്ലിന്റെ പേരിൽ കെ.എസ്.ഇ.ബിക്കാരും ഷോക്കടിപ്പിക്കുന്നുണ്ടെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ക്ഷേമ നിധി ബോർഡിൽ നിന്നും 2000 രൂപയുടെ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചെങ്കിലും 90% ഓട്ടോ തൊഴിലാളികൾക്കും കിട്ടിയിട്ടില്ല. ഓട്ടോയുടെ ഇൻഷ്വറൻസും ടാക്‌സും വണ്ടി ടെസ്റ്റും മീറ്റർ സീലിംഗും തെറ്റികിടക്കുന്ന പല ഓട്ടോ തൊഴിലാളികൾക്ക് ജീവിതം എങ്ങനെ മുമ്പോട്ട് പോകുമെന്നത് വലിയൊരു പ്രതിസന്ധിയാണ്. ഇതിനെല്ലാം മാർച്ച്,​ ഏപ്രിൽ,​ മേയ് മാസത്തേത് നിയമാനുസൃതമായി കാലാവധി നീട്ടി കൊടുക്കണമെന്ന് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ്) ഗുരുവായൂർ മേഖലാ പ്രസിഡന്റ് കെ.എ. ജയതിലകൻ സർക്കാരിനോട് ആവശ്യപ്പെട്ടു.