കാഞ്ഞാണി : ഗവൺമെന്റ് ആശുപത്രിയിൽ രാത്രി ഡോക്ടറില്ലാത്തതിനാൽ മരിച്ച രോഗിയുടെ മൃതശരീരം വിട്ടുകിട്ടാൻ നേരം വെളുക്കും വരെ വാർഡിൽ കഴിച്ചു കൂട്ടി ബന്ധുക്കൾ. അന്തിക്കാട് ഗവൺമെന്റ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. 20ന് രാത്രിയിൽ മരിച്ച അന്തിക്കാട് കാഞ്ഞാണി വീട്ടിൽ ശിവരാമന്റെ (78) മൃതശരീരവുമായാണ് ഇവർ വാർഡിൽ കഴിഞ്ഞത്. പിറ്റേ ദിവസം രാവിലെ 9 ന് ഡോക്ടർ വന്ന ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം വിട്ടുനൽകി. ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് മുന്നു ദിവസമായി അന്തിക്കാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ പത്തിനാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ സമയത്ത് രോഗിയെ പരിശോധിക്കാനോ മരണം സ്ഥിരീകരികാനോ ഡോക്ടർമാർ ഉണ്ടായിരുന്നില്ല: കിടത്തി ചികിത്സ ഉണ്ടെങ്കിലും രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ഈ ആശുപത്രി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും വേണ്ടത്ര ഡോക്ടർമാർ, നഴ്‌സ്, മറ്റു ജീവനക്കാർ എന്നിവരെ നിയമിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ പറഞ്ഞു. നിലവിൽ നാല് ഡോക്ടർ ഉണ്ടെങ്കിലും ഇവരുടെ സേവനം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ലഭ്യമാകുക. കിടത്തിചികിത്സ ഉള്ളപ്പോൾ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണമുണ്ട്.
........
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയെങ്കിലും അതിനോടനുബന്ധിച്ച് വേണ്ട ഡോക്ടർ, നഴ്‌സ് ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ല. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഡോക്ടർമാർക്ക് താമസസൗകര്യം ഒരുക്കാനുള്ള കെട്ടിട നിർമ്മാണവും നടക്കുന്നുണ്ട്.
ശ്രീ വത്സൻ, പഞ്ചായത്ത് പ്രസിഡന്റ്
........
മെഡിക്കൽ കോളേജിൽ ലിവർ സംബന്ധമായ അസുഖത്തിന് ചേട്ടൻ ചികിത്സയിലായിരുന്നു. രോഗം കുടുതലായപ്പോൾ പോകാൻ പറ്റാത്ത സാഹചര്യമായതിനാലാണ് അന്തിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുവന്നത്. രാത്രിയിൽ ഡോക്ടർ ഉണ്ടായിരിക്കില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തിലാണ് കിടത്തുന്നതെന്നും കാട്ടി ഒപ്പിട്ട് വാങ്ങിയിരുന്നു.
മോഹനൻ
സഹോദരൻ