കൊടുങ്ങല്ലൂർ: ഓട്ടോ യാത്രക്കിടെ ഡ്രൈവർമാർക്കും യാത്രക്കാർക്കുമിടയിൽ പി.വി സി ഷീറ്റ് ഉപയോഗിച്ച് സുരക്ഷാ കവചം തീർത്ത് കൊവിഡ് 19 രോഗ പകർച്ചയ്ക്കുള്ള സാദ്ധ്യത ഇല്ലാതാക്കി ഏതാനും എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ. വളരെ എളുപ്പത്തിൽ പിടിപ്പിക്കാവുന്നതും വേഗത്തിൽ വൃത്തിയാക്കാവുന്ന തരത്തിലുമാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. യാത്രക്കാർ തുമ്മുമ്പോൾ, പരസ്പരം അടുത്തിരിക്കുമ്പോൾ ഉണ്ടാകുന്ന രോഗപകർച്ച 100% തടയാൻ ഇതുവഴി കഴിയുമെന്ന് നിർമ്മാതാക്കളായ പാലക്കാട് എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി വി.എസ് മുഹമ്മദ് നാസിഖ്, കൊരട്ടി എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി ഫാദിൽ, ബാംഗ്ളൂരിലെ ഒരു കോളേജിലെ ബി.സി.എ വിദ്യാർത്ഥി മുഹമ്മദ് സജിദ് എന്നിവർ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നതെന്നും ഇവർ അവകാശപ്പെട്ടു. നഗരത്തിലെ വടക്കേനടയിലെ ഓട്ടോകൾക്ക് സൗജന്യമായി ഈ രക്ഷാ കവചം ഘടിപ്പിച്ച് കൊണ്ട് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ പദ്ധതി ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, വിവിധ രംഗങ്ങളിലെ പ്രമുഖരായ കെ.എം അബ്ദുൾ ജമാൽ, കെ.എം അബ്ദുൾകാദർ, ഇ.എ മുഹമ്മദ് ഷെരീഫ്, കെ.എ മീരാൻ തുടങ്ങിയവർ സംബന്ധിച്ചു.