തൃശൂർ: കഴിഞ്ഞ ദിവസം മലേഷ്യയിൽ നിന്നെത്തിയ പ്രവാസി മലയാളി പെയ്ഡ് ക്വാറൻ്റൈൻ ബുക്ക് ചെയ്തിട്ടും മുറി കിട്ടിയില്ലെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. വാർത്തയിൽ പരാമർശിക്കുന്ന വ്യക്തി പെയ്ഡ് ക്വാറൻ്റൈൻ ബുക്ക് ചെയ്തിരുന്നില്ല. മാത്രമല്ല വിമാനത്താവളത്തിൽ നിന്ന് സ്ഥാപനങ്ങളിൽ ക്വാറൻ്റൈനിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസുകളിലാണ് സഞ്ചരിക്കേണ്ടത്. ഇദ്ദേഹം ഇത്തരം മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ക്വാറൻ്റൈൻ കേന്ദ്രത്തിലെത്തുകയായിരുന്നു.
ഇതിനുശേഷം മാത്രമാണ് ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്. ഇതേത്തുടർന്ന് കളക്ടർ നേരിട്ടു തന്നെ ഗുരുവായൂരിലെ ക്വാറൻ്റൈൻ കേന്ദ്രത്തിൽ താമസസൗകര്യം ഏർപ്പെടുത്തി. മേയ് ഏഴ് മുതൽ എല്ലാ ദിവസവും പ്രവാസി മലയാളികൾ തിരിച്ചെത്തുന്നുണ്ട്. ഇവർക്കെല്ലാം കൃത്യമായ നിരീക്ഷണ സൗകര്യം ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്നുണ്ട്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇപ്പോൾ വന്ന വാർത്ത വസ്തുതകൾ മനസിലാക്കാതെയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.