cm-fund-nimshana
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി നിംഷാന സ്വരൂപിച്ച പണം ചികിത്സക്ക് സഹായിച്ച മുൻ എം.പിയും നടനുമായ ഇന്നസെന്റിന് കൈമാറുന്നു

കയ്പമംഗലം: തനിക്ക് ചികിത്സാ സഹായം നൽകി സഹായിച്ച മുൻ എം.പിയും നടനുമായ ഇന്നസെന്റിന് താൻ പുത്തനുടുപ്പും, കരിവളയും വാങ്ങാൻ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കൈമാറി 9 വയസുകാരി നിംഷാന. കയ്പമംഗലം ഞാറക്കൽ പാടം കൂട്ടായ്മയിലെ പുതിയവീട്ടിൽ റഫീക്കിന്റെയും നിംഷിദയുടെയും മകൾ നിംഷാനയാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകിയത്. മൂന്ന് വർഷം മുമ്പ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കിട്ടിയ തുക രണ്ട് പേരുടെ ചികിൽസക്കായി ഇന്നസെന്റ് നൽകിയിരുന്നു. അതിൽ ഒന്ന് നിംഷാന എന്ന ഞാറക്കൽ പാടം കൂട്ടായ്മയിലെ 9 വയസുകാരിയായിരുന്നു. അന്ന് 3,20,000 രൂപയുടെ ചെക്കാണ് ഇന്നസെന്റ് കൈമാറിയത്.

സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദ്, ലോക്കൽ സെക്രട്ടറി എ.സി ശശിധരൻ, ഞാറക്കൽ പാടം ചെയർമാൻ പി.എൽ പോൾസൺ എന്നിവർ മുൻകൈയെടുത്താണ് അന്ന് ഇന്നസെന്റിന്റെ സഹായം തേടിയത്. ആരോഗ്യവതിയായ നിംഷാന ഒന്നാം ക്ലാസിൽ പോകാൻ സ്‌കൂൾ തുറക്കുന്നതും കാത്തിരിപ്പാണ്. പി.എം അഹമ്മദ്,അഡ്വ. വി.കെ. ജോതി പ്രകാശ്, പി.എൽ പോൾസൺ , പി.എച്ച്. ഷെഫീക്ക് എന്നിവരും നിംഷാനക്ക് ഒപ്പം ഉണ്ടായിരുന്നു.