ചാലക്കുടി: മേഖലയിലെ സ്വകാര്യ ബസ്സുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണമായും സർവീസ് നടത്താൻ ധാരണ. അതീവ ഗുരുതരാവസ്ഥയിലായ ബസ് സർവീസ് മേഖലയെ രക്ഷിക്കുന്നതിന് വൈകാതെ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസുകൾ നിരത്തിലിറക്കാൻ ഉടകൾ തീരുമാനിച്ചത്. വിവിധ സംഘടനകളിൽപ്പെട്ടവർ സംയുക്തമായി യോഗം ചേരുകയായിരുന്നു. അടുത്ത ദിവസം മുതൽ ചില ബസ്സുകൾ സർവീസ് ആരംഭിക്കും. രണ്ടുമാസം വെറുതെ കിടന്ന ബസ്സുകൾ നിരത്തിലിറക്കാൻ ശരാശരി ഒന്നര ലക്ഷം രൂപ ചെലവു വരുമെന്നാണ് ഉടമകൾ പറയുന്നത്. തുടർന്ന് ദിനം പ്രതി 22 കിലോ മീറ്റർ ഓടുന്ന ബസ് ഡീസലിന് 4500 രൂപ മുടക്കണം. ജീവനക്കാരുടെ ശമ്പളവും വേണം. നേരത്തെയുള്ള യാത്രക്കാർ ഇനി ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ അവശ്യ സർവീസ് എന്ന നിലയിൽ സർക്കാർ കനിയുകയെ നിവൃത്തിയുള്ളുവെന്നാണ് ഉടമകൾ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്.