തൃശൂർ: വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ അദ്ധ്യയന വർഷത്തിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓൺലൈൻ പഠന സംവിധാനമൊരുക്കി സർക്കാർ. ടി.വി, ലാപ്‌ടോപ്പ്, ടാബ്, സ്മാർട്ട് ഫോൺ തുടങ്ങിയവ ഉപയോഗപ്പെടുത്തി സർക്കാരിന്റെ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പഠനവിഷയങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് തീരുമാനം. പുതിയ ഓൺലൈൻ പഠന സംവിധാനത്തിന്റെ ഭാഗമായി അരണാട്ടുകര അർബർ റിസോഴ്സ് സെന്ററിൽ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സിന്റെയും കൗൺസിലർമാരുടെയും യോഗം ചേർന്നു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ സാങ്കേതിക ഭൗതിക സാഹചര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തും. ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് ജനപ്രതിനിധികളുടെ സഹായത്തോടെ വ്യക്തമായ സംരക്ഷണത്തോടെ തൊട്ടടുത്ത വീട്ടിലെ ടെലിവിഷൻ സൗകര്യം പ്രയോജനപ്പെടുത്താൻ സൗകര്യം ഒരുക്കും.