death

തൃശൂർ/ചാവക്കാട്: രാജ്യത്ത് കൊവിഡ് ആദ്യമായി സ്ഥിരീകരിച്ച ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മുംബയിൽ നിന്നു വന്ന കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടിയാണ് (73) ഇന്നലെ രാവിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് മരണം നാലായി. മൂന്നു മാസം മുമ്പാണ് മുംബയിലുള്ള മക്കളുടെ അടുത്തേക്ക് പോയത്. മുംബയിൽ നിന്നു കേരളത്തിലേക്ക് വന്ന ഒറ്റപ്പാലം സ്വദേശികൾക്കൊപ്പം കാറിൽ 19ന് രാത്രിയാണ് പെരിന്തൽമണ്ണയിലെത്തിയത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ ആംബുലൻസുമായി പെരിന്തൽമണ്ണയിൽ ചെന്ന് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീരെ അവശനിലയിലായിരുന്നു. രക്തസമ്മർദ്ദവും പ്രമേഹവും കടുത്തിരുന്നതായി താലൂക്ക് സൂപ്രണ്ട് പി.കെ ശ്രീജ പറഞ്ഞു.

മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് മരണം സംഭവിച്ചു. സ്രവപരിശോധനാഫലം പോസിറ്റിവ് ആണെന്ന് രാത്രിയോടെ സ്ഥിരീകരിച്ചു. മകനെയും ആംബുലൻസ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കി. പാലക്കാടാണ് ഇവർ നിരീക്ഷണത്തിലുള്ളത്. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. പാർട്ടീഷൻ ചെയ്ത ആംബുലൻസിലാണ് കദീജക്കുട്ടിയെ കൊണ്ടുവന്നത്. മറ്റുളളവരുമായി സമ്പർക്കമുണ്ടായില്ലെന്നതാണ് ആശ്വാസം. മെഡിക്കൽ ബുളളറ്റിനിലാണ് ആരോഗ്യവകുപ്പ് മരണം സ്ഥിരീകരിച്ചത്.

മക്കൾ: മുഹമ്മദലി (കൊടുങ്ങല്ലൂർ), കാസിം, ഷാജിത (മുംബയ്), മുംതാസ്, ഫാത്തിമ, ഹാജിറ (ഇരുവരും മുംബയ്). മരുമക്കൾ: മൊയ്‌നുട്ടി (മുംബയ്), റഫീഖ് (അഞ്ചങ്ങാടി), അബ്ദുള്ള, അയൂബ് (ഇരുവരും മുംബയ്), ഷീബ (കൊടുങ്ങല്ലൂർ), ഫസീല. കദീജക്കുട്ടിയുടെ സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.