20 ലക്ഷം രൂപയുടെ യന്ത്രം
തൃശൂർ : മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ അഫെറെസിസ് ടെക്‌നോളജി മുഖേന ആവശ്യമായ രക്ത ഘടകം മാത്രം വേർതിരിച്ചെടുക്കുവാനുള്ള പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം ആരംഭിക്കുന്നു. 20 ലക്ഷത്തോളം വില വരുന്ന ഫ്രസിനിയസ് കോംറ്റെക് മെഷീനാണ് ലഭ്യമാക്കിയത്. നിശ്ചിത രക്ത ഘടകം മാത്രം ശേഖരിച്ച് ശേഷിച്ച ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ കയറ്റാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.ഇതിലൂടെ സമയം വൈകാതെ പ്ലേറ്റ്‌ലെറ്റുകൾ ശേഖരിക്കാനാകും. ന്യൂ ഡൽഹിയിലെ ഡ്രഗ് കൺട്രോളർ ജനറലിന്റെ പരിശോധനയ്ക്ക് ശേഷമാണ് കേരള സർക്കാർ ഈ സംവിധാനത്തിന് അനുമതി നൽകിയത്. 20 ലക്ഷം രൂപയോളം വിലവരുന്ന യന്ത്രസംവിധാനം ജർമ്മനിയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇതിൽ ഒരാൾക്ക് ഉപയോഗിക്കുന്ന രക്തബാഗ് കിറ്റിന് 7000 രൂപയോളം വിലവരും. 6 യൂണിറ്റ് പ്ലേറ്റ്‌ലറ്റുകൾ വരെ ഒരു ദാതാവിൽ നിന്ന് ശേഖരിക്കാം എന്നതാണിതിന്റ മെച്ചം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്.
പ്ലേറ്റലെറ്റ് വേർതിരിക്കുന്നതിന് ചെലവ് 7,000 രൂപ മുതൽ 10,000 രൂപ വരെ
ഗുണഫലം ലഭിക്കുന്നവർ
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾക്ക്
പ്ലേറ്റ്‌ലെറ്റ് കയറ്റേണ്ടി വരുന്ന രക്താർബുദം, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന മറ്റ് അസുഖങ്ങൾ, ഡെങ്കിപ്പനി മുതലായവയ്ക്ക് ഉപയോഗിക്കാം
മജ്ജ മാറ്റിവയ്ക്കൽ, അവയവം മാറ്റിവയ്ക്കൽ എന്നീ ചികിത്സകളിൽ കഴിയുന്നവർക്കും ആശ്വാസം.
അപൂർവ്വ ഗ്രൂപ്പുകാർക്കും ആശ്വാസം
അപൂർവമായ രക്ത ഗ്രൂപ്പുകൾക്ക് രക്ത ദാതാക്കൾ വിരളമായ സന്ദർഭങ്ങളിൽ അഫെറെസിസ് വഴി പ്ലേറ്റ്‌ലേറ്റ് ശേഖരിച്ചും രോഗിക്ക് നൽകാം
മൂന്ന് മുതൽ ആറ് വരെ രക്ത ദാതാക്കളിൽ നിന്നും രക്തം ശേഖരിച്ച് ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നതിന് തുല്യമാണ് അഫെറെസിസ് വഴി ശേഖരിക്കുന്ന ഒരു യൂണിറ്റ് പ്ലേറ്റ്‌ലെറ്റ്.