തൃശൂർ: ഭക്ഷ്യ സുരക്ഷ, എല്ലാ ഗൃഹാങ്കണത്തിലും കൃഷി എന്നിവ ലക്ഷ്യമിട്ട് തൃശൂർ അതിരൂപതയുടെ ബൃഹത്തായ കാർഷിക പദ്ധതി. കൃഷി പഠിക്കാനും കുടുംബകൂട്ടായ്മകളിൽ നിന്ന് എത്തുന്നവർക്ക് ഉൾപ്പെടെ പരിശീലനത്തിനും ആയുള്ള ഒരു ഫാർമേഴ്‌സ് ഫീൽഡ് സ്‌കൂളാക്കി കൃഷിയിടങ്ങൾ മാറ്റാനാണ് അതിരൂപതയുടെ തീരുമാനം. ഇതിന് മുന്നോടിയായി അതിരൂപതയുടെ കീഴിലുള്ള നടത്തറയിലെ പത്ത് ഏക്കറിൽ ഇരുപത്തി ഒന്നോളം പച്ചക്കറികളും മുപ്പതിനം കിഴങ്ങ് വർഗ്ഗങ്ങളും കൃഷിയിറക്കാനുള്ള പദ്ധതിക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തുടക്കം കുറിച്ചു. കാർഷിക സർവകലാശാലയിൽ നിന്നും കൃഷി വകുപ്പിൽ നിന്നുമുള്ള വിദഗ്ദ്ധർ പരിശീലനം നൽകും. ഗൃഹാങ്കണത്തിലേക്ക് കൃഷി എന്നത് ലക്ഷ്യമിട്ടാകും പരിശീലനം. മഴമറയിൽ മത്സ്യക്കൃഷി, പശു, കോഴി, താറാവ് വളർത്തലും പദ്ധതിയുടെ ഭാഗമായുണ്ടാകും.
കൃഷിയിടങ്ങളിൽ പുല്ല് വളരുന്നത് തടയാൻ പുതയിടൽ, മണ്ണ് പരിശോധനയിലൂടെ ശാസ്ത്രീയ രീതിയിലുള്ള വളപ്രയോഗം, സംയോജിത കീടനിയന്ത്രണ രീതി തുടങ്ങി ജൈവരീതിയിലൂടെയുള്ള കാർഷിക പദ്ധതിയാണ് പത്തേക്കറിൽ പരീക്ഷിക്കുന്നത്. കൃഷി ചെയ്ത കാർഷികോല്പന്നങ്ങൾ സംഭരിക്കുന്നതിനും മൂല്യവർദ്ധന വരുത്തി വിൽക്കാനും അതിരൂപതയുടെ കീഴിൽ ഫാ. ജോയ് മൂക്കൻ്റെ നേതൃത്വത്തിൽ സാന്ത്വനം എന്ന വിഭാഗവും പ്രവർത്തിക്കും. ചെലവ് കുറഞ്ഞ രീതിയിൽ പഴവർഗ്ഗങ്ങളിൽ നിന്നുള്ള ജ്യൂസ്, ജാം, വാഴപ്പിണ്ടി അച്ചാർ, വാഴപ്പിണ്ടി ജ്യൂസ് തുടങ്ങിയവ സംസ്‌കരിച്ച് പുറത്തിറക്കും. പുറത്തു നിന്നുള്ള കർഷകരുടെ ഉത്പന്നങ്ങളും ന്യായ വില കൊടുത്ത് സംഭരിക്കും. അതിരൂപതയിലെ അഞ്ചുലക്ഷം കുടുംബ കൂട്ടായ്മകളിലൂടെയാണ് കൃഷി ചെയ്യുക. കുടുംബ കൂട്ടായ്മകളിലൂടെ ഗൃഹാങ്കണങ്ങളിലും ഇടവക പള്ളികളുടെ സ്ഥലങ്ങളിലും കൃഷിയിറക്കും.
..................
എല്ലാ വീടുകളും കൃഷി ശീലിച്ചാൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകും. നടത്തറയിൽ അതിരൂപത ഒരുക്കുന്ന കൃഷിയിടം മാതൃകാ കൃഷിയിട പാഠശാലയാകും.
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്