ചാവക്കാട്: തൃശൂർ ജില്ലയിൽ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച കദീജക്കുട്ടിയുടെ (73) മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ആറ് ഓടെയാണ് സംസ്‌കരിക്കാൻ കൊണ്ടുപോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലായിരുന്നു ചടങ്ങുകൾ. കടപ്പുറം പഞ്ചായത്തിലെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് പ്രവർത്തകരാണ് കബറടക്കം നടത്തിയത്. ഇവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. ബന്ധുക്കളാരെയും സമീപത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കദീജക്കുട്ടിയുമായി സമ്പർക്കം പുലർത്തിയ മകനും ആംബുലൻസിന്റെ ഡ്രൈവറുമടക്കം അഞ്ചു പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മൂന്നു മാസം മുമ്പാണ് കദീജക്കുട്ടി മൂന്ന് പെൺമക്കൾക്കൊപ്പം താമസിക്കാൻ മുംബയിലേക്ക് പോയത്. ലോക്ക് ഡൗണിനെ തുടർന്ന് തിരിച്ചുവരാനായില്ല. തുടർന്ന് നോർക്കയിലൂടെ പാസ് നേടിയാണ് തിരിച്ചുവന്നത്. ഇവർ പാലക്കാട് വഴി കാറിൽ മറ്റു മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് പെരിന്തൽമണ്ണ വരെയെത്തിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട്ടു നിന്ന് മകൻ ആംബുലൻസുമായി പെരിന്തൽമണ്ണയിലെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമാകുകയും ആയിരുന്നു.