മാള: അറ്റുപോയ വിരൽ ശസ്ത്രക്രിയ കൂടാതെ കൂട്ടിച്ചേർത്ത സന്തോഷത്തിൽ അഭി. ഓപറേഷൻ തിയേറ്ററിൽ പോലും കയറ്റാതെ വിരൽ തുന്നിച്ചേർക്കാൻ കഴിഞ്ഞതിൽ അഭിക്കൊപ്പം സന്തോഷത്തിലാണ് ആശുപത്രി അധികൃതരും. മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിലെ എല്ലുരോഗ വിഭാഗം മേധാവി ഡോ. ആന്റണി ജോസാണ് അറ്റുപോയ വിരൽ മാത്രം മരവിപ്പിച്ച് തുന്നിച്ചേർത്തത്. ഡ്രൈവറായ മണലിക്കാട് കുരിശിങ്കൽ അഭിക്ക് വാഹനത്തിലെ വാതിലിന് ഇടയിൽപെട്ടാണ് വലതു കൈയുടെ മോതിര വിരൽ 25 ശതമാനം അറ്റുപോയത്. ഉടനെത്തന്നെ അറ്റുപോയ ഭാഗവുമായി ഗുരുധർമ്മം മിഷൻ ആശുപത്രിയിലേക്കെത്തി. അത്യാഹിത വിഭാഗത്തിലെത്തിയ അഭിയെ അവിടെ വച്ച് ഡോ. ആന്റണി ജോസിന്റെ നേതൃത്വത്തിൽ അറ്റുപോയ വിരൽ തുന്നിച്ചേർത്ത് വിടുകയായിരുന്നു.