തൃശൂർ : പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡും അപ്പലേറ്റ് അതോറിറ്റിയും തന്നോടും സഹപ്രവർത്തകയായ പാർലമെന്റംഗത്തോടും പക്ഷപാതപരമായി പെരുമാറിയെന്ന അനിൽ അക്കര എം.എൽ.എയുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പരാതി ശരിയാണെങ്കിൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യം വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറിയും റിപ്പോർട്ട് നൽകണം. ഇരു റിപ്പോർട്ടുകളും 30 ദിവസത്തിനകം ഹാജരാക്കണം. വാളയാർ ചെക്ക്‌ പോസ്റ്റിൽ കുടുങ്ങിയവരെ കാണാനെത്തിയ തന്നെയും എം.പിയെയും പാലക്കാട് മെഡിക്കൽ ബോർഡ് ക്വാറന്റൈനിലേക്കയച്ചപ്പോൾ ഗുരുവായൂരിൽ കൊവിഡ് പൊസിറ്റീവായവരോട് അടുത്ത് ഇടപഴകിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് തൃശൂർ മെഡിക്കൽ ബോർഡ് ക്വാറന്റൈൻ ഒഴിവാക്കി നൽകിയെന്നും അനിൽ അക്കര എം.എൽ.എ സമർപ്പിച്ച പരാതിയിൽ പറയുന്നു.