തൃശൂർ : അനിശ്ചിതത്വങ്ങൾക്കൊടുവിൽ എസ്.എസ്.എൽ.സി ഹയർ സെക്കഡറി പരീക്ഷകൾ 26 ന് ആരംഭിക്കാനിരിക്കെ സ്‌കൂളുകളിലെ ഒരുക്കം അവസാന ഘട്ടത്തിൽ. അദ്ധ്യാപകർ, പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കം നടക്കുന്നത്. ഭൂരിഭാഗം സ്‌കൂളുകളും അണുവിമുക്തമാക്കി കഴിഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ വാഹന സൗകര്യം ഇല്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. സ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്താണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ നിന്ന് വന്നതിനാൽ ആശങ്ക വേണ്ടെന്ന അഭിപ്രായമാണ് അധികൃതർക്ക് ഉള്ളത്.

വിദ്യാർത്ഥികൾക്ക് 5,40,000 മാസ്ക്

വിദ്യാർത്ഥികൾക്കായി 5,40,000 മാസ്‌കാണ് തയ്യാറാക്കിയത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്കായി 1,00,000 മാസ്‌കും തയ്യാറാക്കിയിട്ടുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി മാസ്‌കുകളും പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവർ അംഗീകരിച്ച നിർദ്ദശം അടങ്ങിയ ലീഫ്‌ലെറ്റുകളും, എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയെത്തിക്കും

തെർമൽ സ്‌കാനർ

തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിക്കാനായി എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തെർമൽ സ്‌കാനർ എത്തിക്കും.


പത്താം ക്ലാസിൽ മൂന്ന് പരീക്ഷകൾ


എസ്.എസ്.എൽ.സി പൊതുപരീക്ഷയിൽ പൂർത്തീകരിക്കാനുള്ളത് കണക്ക്, രസതന്ത്രം, ഊർജ്ജതന്ത്രം.

പുതിയ അഡ്മിഷൻ പരീക്ഷയ്ക്ക് ശേഷം


സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ കൂട്ടികളെ ചേർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിച്ചെങ്കിലും രേഖകൾ ഹാജരാക്കേണ്ടത് പരീക്ഷകൾക്ക് ശേഷമായിരിക്കും. പഠിച്ചിരുന്ന സ്‌കൂളുകളിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. എത് സ്‌കൂളിലാണോ ചേരാൻ ഉദ്ദേശിക്കുന്നത് അവിടെ ഫോൺ വഴിയോ നേരിട്ടോ കുട്ടികൾ ഇല്ലാതെ തന്നെ പേര് നൽകാം.

പരീക്ഷകൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സുരക്ഷയും ഉറപ്പ് വരുത്തും . ഇതിന്റെ നടപടി പൂർത്തിയായി വരുന്നു. ട്രൈബൽ മേഖലയിലെ വിദ്യാർത്ഥികളെ എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.


( മേരി തോമസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )..

മാറ്റിവെച്ചിരുന്ന പരീക്ഷകൾ നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം പ്രവർത്തിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ചാണ് മേയ് 30 വരെ വാർ റൂം പ്രവർത്തനം നടത്താൻ തീരുമാനിച്ചത്.

ബന്ധപ്പെടേണ്ട നമ്പറുകൾ

ഹയർസെക്കൻഡറി വിഭാഗം 9447437201

വൊക്കേഷണൽ ഹയർസെക്കൻഡറി 9747236046

എസ്.എസ്.എൽ.സി 9496238104, 9446031953
ഓഫീസ് നമ്പർ 0487 2360810