പുതുക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശു ഭൂമിയിൽ കൃഷിയിറക്കലിന് പുതുക്കാട് തുടക്കമായി. പുതുക്കാട് ഫൊറോനാ പള്ളിയുടെ സ്ഥലത്തു സി.ടി.സി.ആർ.ഐയുടെ സഹകരണത്തോടെ കപ്പ വൈവിധ്യ കൃഷിയുടെ നടീൽ നടത്തി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് മണ്ഡലത്തെ ജൈവ വൈവിധ്യ മണ്ഡലമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് കപ്പ വൈവിധ്യ ഉദ്യാനമൊരുക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സി.ടി.സി.ആർ.ഐയുടെ സഹായത്തോടെ 12 ഇനം കപ്പയാണ് കൃഷി ഇറക്കിയത്. വൈവിധ്യങ്ങളുടെ കലവറയായി പുതുക്കാട് മണ്ഡലത്തെ മാറ്റുകയാണ് ലക്ഷ്യം. വിവിധ ഇനങ്ങളിൽ പെട്ട മധുരക്കിഴങ്ങ് ഉൾപ്പെടെയുള്ള കിഴങ്ങുകളുടെ കൃഷി ഇറക്കുന്നതിന്റെയും ഉദ്ഘാടനം നടന്നു. ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ് അദ്ധ്യക്ഷയായി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ എന്നിവർ സംസാരിച്ചു.