ചേലക്കര:മുപ്പത്തിയഞ്ചു വർഷം മുമ്പ് വീട്ടിൽ വെള്ളപുതച്ച് മൃതദേഹമായി വീട്ടിന്റെ ഉമ്മറത്ത് കിടത്തിയിരിക്കേ ജീവിതത്തിലേക്ക് തിരിച്ചുവന്ന രാമേട്ടൻ ഒടുവിൽ യാത്രയായി.
ചേലക്കര പങ്ങാരപ്പിള്ളി പനംകുറ്റിയിലെ കാളിയേടത്തു വീട്ടിൽ രാമേട്ടനെന്ന രാമൻകുട്ടിയാണ് തൊണ്ണൂറ്റിയൊന്നാം വയസിൽ മരണത്തിന് കീഴടങ്ങിയത്. മരണം അറിഞ്ഞെത്തിയവരെല്ലാം ഓർത്തത് രാമേട്ടന്റെ രണ്ടാം ജന്മത്തെ കുറിച്ചാണ്. ഫ്ളാഷ് ബാക്ക് : മുപ്പത്തഞ്ച് വർഷം മുമ്പ്. 'രാമേട്ടൻ മരിച്ചു. രക്തം ഛർദിച്ചാ' കേട്ടവർ പറഞ്ഞ് നാടു മുഴുവനും അറിഞ്ഞു. എല്ലാവരും കാളിയേടത്തു വീട്ടിലെത്തി. രാമേട്ടനെ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുകയാണ്. കുഴിവെട്ടാൻ ആളെത്തി. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ സ്ഥലത്തെ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ സ്ഥാപക വികാരി ഫാദർ ഗീവർഗ്ഗീസ് കൊള്ളന്നൂരുമുണ്ടായിരുന്നു. രാമേട്ടന്റെ മുഖത്തേക്ക് നോക്കിയ അദ്ദേഹത്തിന് മരണത്തിന്റെ മരവിപ്പ് കാണാനായില്ല. അദ്ദേഹം കുനിഞ്ഞിരുന്ന് നാഡി പരിശോധിച്ചു.
അതേ 'രാമേട്ടൻ മരിച്ചിട്ടില്ല, നമുക്ക് ആശുപത്രിയിലോട്ട് പോകാം,' കേട്ടവർ ഞെട്ടി. പിന്നെ ബഹളമായി. കൊള്ളന്നൂരച്ചന്റെ നേതൃത്വത്തിൽ ആദ്യം ചേലക്കര ആശുപത്രിയിൽ. ഡോക്ടർ ജീവൻ സാക്ഷ്യപ്പെടുത്തിയതോടെ തൃശൂരിലെ ആശുപത്രിയിലേക്ക്. ഒന്നര ആഴ്ച കഴിഞ്ഞ് പൂർണ ആരോഗ്യവാനായി രാമേട്ടൻ തിരിച്ചെത്തി. മുപ്പത്തി അഞ്ചു വർഷം പയറുപോലെ ജീവിച്ചു. പക്ഷേ, തൊണ്ണൂറ്റി ഒന്നാം വയസിൽ പിടിമുറുക്കിയ മരണത്തിൽ നിന്ന് അദ്ദേഹത്തിന് മടങ്ങാനായില്ല. സംസ്കാരം നടത്തി. ഭാര്യ: കാർത്യായനി. മക്കൾ: അപ്പു, നാരായണൻകുട്ടി, പുഷ്പലത, സുരേഷ്, സുധ. മരുമക്കൾ: ദാക്ഷായണി, സുന്ദരി, മോഹനൻ, ശിവദാസൻ, പ്രേമലത