തൃശൂർ: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 8155 പേരായി. കഴിഞ്ഞ 18 ന് രോഗം സ്ഥിരീകരിച്ച ദമാമിൽ നിന്നെത്തിയ കോതപറമ്പ് സ്വദേശിയുടെ മകൻ (30), മകന്റെ ഭാര്യ (24) ഒരു വയസുളള കുഞ്ഞ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ദമാമിൽ നിന്ന് 20 ന് എത്തിയവരാണ്. ആദ്യമെത്തിയ ആൾ പൊസിറ്റീവായതിനെ തുടർന്ന് 20 ന് എത്തിയ കുടുംബാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു.
ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്രവപരിശോധന നടത്തിയിരുന്നു. ഇന്നലെ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർ ആശുപത്രി വിട്ടു. ഇന്നലത്തെ 64 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1770 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1635 സാമ്പിളുകളുടെ ഫലം വന്നു. 135 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 418 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.. 412 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 149 പേർക്ക് കൗൺസലിംഗ് നൽകി. ജില്ലയിലേക്ക് ഡൽഹിയിൽ നിന്നും വന്ന 117 ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്‌ക്രീനിംഗ് നടത്തി നിരീക്ഷണത്തിലാക്കി.