bund-
കേരളകൗമുദി റിപ്പോർട്ട്

തൃശൂർ: മഴ ശക്തിപ്പെട്ടിട്ടും ഏനാമാവ് വളയംകെട്ട് പൊളിക്കാൻ നടപടികൾ എടുക്കാതിരുന്ന പശ്ചാത്തലത്തിൽ, തൃശൂർ നഗരത്തിലെ വെള്ളക്കെട്ടിന് കാരണമാകുന്ന തടസം നീക്കി ജൂൺ 10നുള്ളിൽ പരിഹാരം കാണണമെന്ന് ഹൈക്കാടതി ഉത്തരവ്. ജില്ലാ കളക്ടർ, ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ, തൃശൂർ കോർപറേഷൻ എന്നിവർക്കാണ് ഹൈക്കാടതിയുടെ നിർദ്ദേശം.
ദുരന്ത നിവാരണ കമ്മിറ്റി ഇല്ലെങ്കിൽ അടിയന്തരമായി രൂപീകരിച്ച് തൃശൂർ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം. ജൂൺ പത്തിന് മുമ്പ് പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് ഉറപ്പ് വരുത്താനും സ്വീകരിച്ച നടപടികളെ കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി കളക്ടർക്ക് നിർദ്ദേശം നൽകി.

വാട്ടർ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ സെക്രട്ടറിക്ക്, കളക്ടർ നിർദ്ദേശം നൽകണം. നഗരത്തിലെ കുണ്ടുവാറ അടക്കമുള്ള തോടുകൾ വൃത്തിയാക്കുന്നതിനും മണ്ണും ചെളിയും നീക്കം ചെയ്യാനും ഏനാമാവ് റെഗുലേറ്ററിന്റെ ഷട്ടറുകളുടെ ചോർച്ച മാറ്റുവാനും വളയംകെട്ട് പൊട്ടിച്ച് ദുരന്ത നിവാരണ വകുപ്പ് പ്രകാരമുള്ള അടിയന്തര നടപടികളും ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്തും മ്യൂസിയം ക്രോസ് ലെയിൻ റസിഡന്റ് അസോസിയേഷന് വേണ്ടി ജി. വിനോദും ജോയ് ബാസ്റ്റിനും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവ്.
അതിവർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വളയം കെട്ട് പൊട്ടിച്ചിരുന്നില്ല. കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ വെള്ളപ്പൊക്കവും സംഭവിച്ചാൽ ആഘാതം ഇരട്ടിയാകും. കഴിഞ്ഞവർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിന് കാരണം ബണ്ട് തുറന്നുവിടാത്തതായിരുന്നു. ഇക്കാര്യവും നിർമ്മാണത്തിൽ ക്രമക്കേടുള്ളതായും കാട്ടി കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഒന്നരപതിറ്റാണ്ടിൽ ചെലവിട്ടത് കോടികൾ

ഒന്നരപതിറ്റാണ്ട് കാലമായി ഇടിയഞ്ചിറ, ഏനാമാക്കൽ, മുനയം എന്നിവിടങ്ങളിൽ താത്കാലിക ബണ്ടുകൾ നിർമ്മിക്കുന്നുണ്ട്. ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനാണിത്. ഏനാമാവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തിയാൽ ബണ്ട് ഒഴിവാക്കാം. എന്നാൽ അത് നടന്നില്ല.


ഏനാമാവ് ബ്രിഡ്ജ് പണിതത്: 1955 ൽ

ഇടിയഞ്ചിറ, ഏനാമാക്കൽ, മുനയം ബണ്ടുകൾക്ക്

പ്രതിവർഷം ചെലവ്: 70 - 80 ലക്ഷം


ക്രമക്കേടിന് 3 വഴി

ബണ്ട് പൊട്ടിച്ചശേഷം ബില്ലെഴുതുന്നതിനാൽ ക്രമക്കേട് പുറത്തുവരില്ല

മണ്ണ് പൂർണ്ണമായും മാറ്റാതെ വീണ്ടും ബണ്ട് നിർമ്മിച്ച് പണം തട്ടുന്നു

ഒരേ കരാറുകാരനെ നിയോഗിച്ച് ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നു

..............


ചാലക്കുടി, മണലി, കുറുമാലി പുഴകളിലെ മണൽ, മരങ്ങൾ, മാലിന്യം എന്നിവ നീക്കം ചെയ്യണം. പ്രളയസാദ്ധ്യത മുന്നിൽക്കണ്ട് നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം. ''

മന്ത്രി സി. രവീന്ദ്രനാഥ്
അവലോകനയോഗത്തിൽ