തൃശൂർ: രണ്ടുമാസം നിർമ്മാണ മേഖല സ്തംഭിച്ചതോടെ ബാക്കിവന്ന പണികൾ ഏറെയുള്ളതിനാലും സുരക്ഷിതത്വം തിരിച്ചറിഞ്ഞും നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് പറയുന്നവരുമുണ്ട്, അന്യസംസ്ഥാനക്കാർക്കിടയിൽ. മലയാളികൾക്ക് നൽകുന്ന അതേകൂലി തന്നെ ഈ തൊഴിലാളികൾക്കും ലഭിക്കുന്നുണ്ട്. അവരുടെ വൈദഗ്ദ്ധ്യം ഏറെ പ്രകടമായ പ്രധാന മേഖലയാണ് കെട്ടിട നിർമ്മാണവും ഫ്‌ളോറിംഗ് അനുബന്ധ പ്രവൃത്തികളും എന്നതിനാൽ ഏജന്റുമാർ ഇവരെ സംരക്ഷിച്ചുനിറുത്താനുളള ഒരുക്കത്തിലുമാണ്.
മുടങ്ങിയ പണികൾ ചെയ്തു തീർക്കാൻ ആറ് മാസമെങ്കിലും എടുക്കുമെന്നാണ് ഏജന്റുമാർ പറയുന്നത്. കുന്നംകുളം താലൂക്കിൽ മാത്രം നൂറോളം അന്യസംസ്ഥാന തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിശ്ചലമായ കെട്ടിട നിർമ്മാണം, ചുമർ തേപ്പ്, ഫ്‌ളോറിംഗ് മുതലായവയാണ് ഇവർ നടത്തുന്നത്. ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ എന്നിവ ഉപാധികളോടെ തുറന്നപ്പോൾ ഈ മേഖലയിലുള്ള തൊഴിലാളികളും സജീവമായി. കേരളത്തിൽ സ്വന്തം സംസ്ഥാനത്തേക്കാൾ സ്ഥിതി ശാന്തവും സുരക്ഷിതവുമാണെന്നാണ് ചിലർ പറയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് പലതവണ ആരോഗ്യ പരിശോധന നടത്തിയതിനാൽ അധികൃതരുടെ ശ്രദ്ധയും പതിയുന്നുണ്ട്.
നിർമ്മാണം അതിവേഗം
നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം ചെയ്തു തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പണി പൂർത്തിയായാൽ അടുത്തു തന്നെ മടങ്ങാനിരിക്കുന്നവരും ഇവരിലുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 30-40 ദിവസത്തോളമാണ് ഇത്തരം നിർമ്മാണ പ്രവൃത്തികൾ മുടങ്ങിയത്. ചെറിയ പെരുന്നാളിന് മുമ്പ് തീർക്കാനുള്ള പണികൾ ലോക്ക് ഡൗൺ മൂലം പലയിടത്തും നീണ്ടുപോയിട്ടുണ്ട്. തിരിച്ചുപോയ അതിഥിതൊഴിലാളികളുടെ അസാന്നിദ്ധ്യത്തിൽ നാട്ടിലെ പണിക്കാർ തന്നെ ഇപ്പോൾ നിർമ്മാണപ്രവൃത്തികളിൽ സജീവമായിട്ടുമുണ്ട്. പലയിടത്തും ഓണത്തിന് മുമ്പ് ചെയ്തു തീർക്കേണ്ട നിർമ്മാണ പ്രവൃത്തികളും അതിഥിതൊഴിലാളികളെ വെച്ച് പെട്ടെന്ന് തീർക്കുകയാണ്.
ബാക്കിയുള്ള സംസ്ഥാനക്കാർ:
ബീഹാർ, യു.പി, ഒഡീഷ, രാജസ്ഥാൻ, ബംഗാൾ, മഹാരാഷ്ട്ര.
കൂടുതൽ പേർ മടങ്ങിയത്: ബീഹാർ, യു.പി, ഒഡീഷ
ആരോഗ്യം മെച്ചപ്പെട്ടു
അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണ ദൗത്യവുമായി ആയുഷ് വകുപ്പ് ആരംഭിച്ച പദ്ധതി 'ആയുർ രക്ഷ'യുടെ ഭാഗമായി കഴിഞ്ഞ മാസം ക്യാമ്പുകളിൽ കണക്കെടുപ്പ് നടത്തിയിരുന്നു. ശുചിത്വമില്ലാത്തതും അനാരോഗ്യകരവുമായതും വെറും 15 ശതമാനം മാത്രം ക്യാമ്പുകളാണ് ഉണ്ടായിരുന്നത്.
ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്
മൊത്തം താമസസ്ഥലങ്ങൾ: 1250
താമസക്കാർ: 30,000
പരിശോധന പൂർത്തിയാക്കിയത്: 25,000 തൊഴിലാളികളിൽ
മരുന്ന് നൽകിയത്: 15,000 പേർക്ക്