തൃശൂർ: 26 മുതൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അദ്ധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് അദ്ധ്യാപകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എല്ലാ വിദ്യാർത്ഥികളും എത്തുമെന്ന് ഉറപ്പാക്കാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂൾ ബസുകൾ, പി.ടി.എയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനുള്ള സഹകരണം നൽകും. സ്‌കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ 25ന് മുൻപ് പരീക്ഷ ഹാളുകൾ, ഫർണീച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ ശുചിയാക്കണം. വിദ്യാർത്ഥികളെ തെർമൽ സ്‌കാനിംഗ് കഴിഞ്ഞ് സാനി റ്റൈസ് ചെയ്ത ശേഷം പരീക്ഷ ഹാളിൽ എത്തിക്കണം. വിദ്യാർത്ഥികൾക്ക് മാസ്‌ക് ലഭ്യമാക്കി, ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രി തൃശൂരിൽ നിന്നാണ് യോഗത്തിൽ പങ്കാളിയായത്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.