കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ നിർധനർക്ക് മരുന്നുകൾ നൽകുന്നു
മാള: കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്ത് മാസത്തെ ഓണറേറിയം മാറ്റിവച്ച് നിർധനർക്ക് മരുന്നുകൾ വാങ്ങി നൽകി. ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ ജോഷി പെരേപ്പാടന് അടുത്ത പത്ത് മാസം ലഭിക്കുന്ന 60,000 രൂപയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചത്. ഗുരുതരമായ രോഗങ്ങൾ കാരണം ചികിത്സയിലുള്ളവർക്കാണ് മരുന്നുകളും സാമ്പത്തിക സഹായങ്ങളും നൽകിയത്. സഹായങ്ങൾ ഓരോരുത്തർക്കും വീടുകളിലെത്തിയാണ് കൈമാറിയത്. ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രം ലഭിക്കുന്ന മരുന്നുകളാണ് എത്തിച്ചു നൽകിയത്. നിർധനരായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായ നിലയിലാണ് സഹായങ്ങൾ എത്തിച്ചത്.