തൃശൂർ: വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൻ്റെ മൂന്ന് എം.പിമാരെയും രണ്ട് എം.എല്‍.എമാരെയും റൂം ക്വാറന്റൈനിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സി.പി.എമ്മിന്റെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അനില്‍ അക്കര എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍‍ ആരോപിച്ചു.
വാളയാറില്‍ കുടുങ്ങിയ മലയാളികളുടെ വിഷമങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ചെന്ന കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഒമ്പതിന് രാത്രി കൃത്യം പത്തിന് വാളയാറില്‍ നിന്ന് പോന്നതാണ്. കൊവിഡ് പൊസിറ്റീവായ വ്യക്തി എട്ടിന് രാത്രിയാണ് വാളയാറിലെത്തുന്നത്. ഒമ്പതിന് രാവിലെ 10 ന് ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തങ്ങള്‍ വാളയാറിലെത്തുന്നത് ഒമ്പതിന് വൈകിട്ട് അഞ്ചോടെയാണ്. ഒരിക്കലും വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനെയും അംഗങ്ങളെയും നീക്കി മെഡിക്കല്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.