തൃശൂർ: അടിയന്തരമല്ലാത്ത നിർമാണം നിറുത്തി വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് കോർപറേഷന്റെനടത്തുന്ന അനാവശ്യ നിർമാണം നിറുത്തിവയ്ക്കണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. 31 കോടിയുടെ ടാഗോർ ഹാൾ ഉൾപ്പെടെ 120 കോടിയുടെ അത്യാഡംഭര കല്യാണ മണ്ഡപങ്ങൾ, ശക്തനിൽ 40 കോടിയുടെ കോർപറേഷൻ ഓഫീസ് മന്ദിരം, 40 കോടിയുടെ വൈദ്യൂതി വിഭാഗം ഓഫീസ്, 80 കോടിയുടെ നാല് മേഖല ഓഫീസ്, 35 കോടിയുടെ ചിയ്യാരം സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉൾപ്പടെ, 300 കോടിയിലേറെ രൂപയുടെ നിർമ്മാണങ്ങൾ പ്ലാൻ വരച്ച് നടപടികൾ പുരോഗമിക്കുകയാണ്. കൗൺസിൽ അംഗീകാരമില്ലാതെ ഇതിനായി 100 കോടി വായ്പയ്ക്കും ഗൂഢ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്ക് ഡൗൺ കാലത്ത് പൂട്ടിക്കിടന്ന കോർപറേഷൻ കെടിടങ്ങളിലെ വാടക ഒഴിവാക്കുക, പൂട്ടിക്കിടന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്‌സഡ് ചാർജ് ഒഴിവാക്കുക, നഗരത്തിലെ കെട്ടിടങ്ങളിലെ അധിക സേവനനികുതി പിൻവലിക്കുക, കൃഷി അധിഷ്ഠിത വികസന പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മേയർക്കും, സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. എൽ.ഡി.എഫ്. ഭരണ സമിതി ഇക്കാര്യം തള്ളിയെങ്കിലും മുഖ്യമന്ത്രിയും, സർക്കാരും അത് അംഗീകരിക്കാൻ തയ്യാറായത് സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.