ganja
അറസ്റ്റിലായ സജീവനും, സന്തോഷും

കൊടുങ്ങല്ലൂർ: ഒന്നരക്കോടി വിലമതിക്കുന്ന 78 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. ഇരിങ്ങാലക്കുട പടിയൂർ തൊഴുത്തിങ്ങപുറത്ത് സജീവൻ (43), നോർത്ത് പറവൂർ ചെറിയ പല്ലൻ തുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഴം പച്ചക്കറി വാഹനങ്ങളിൽ വൻതോതിൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുടയിൽ പരിശോധനയ്ക്കിടെ കെ.ഇ 17 എൽ 3586 എന്ന ലോറിയിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി ലോറി ഡ്രൈവർ മൂത്തകുന്നം മടപ്ലാത്തുരുത്ത് വാടേ വീട്ടിൽ യദുവിനെയും സഹായി നോർത്ത് പറവൂർ ഗോതുരുത്ത് കല്ലറക്കൽ ബിജുവിനെയും പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് ടാറ്റാ എയ്‌സിൽ കയറ്റി വിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പുല്ലൂറ്റ് പാലത്തിന് സമീപം വച്ച് വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിൽ വാഹനം കണ്ടെത്തുകയും സവാള ചാക്കുകൾക്ക് അടിയിൽ നിന്നും കഞ്ചാവിന്റെ ഭദ്രമായ വലിയ പോളിത്തീൻ കവറുകൾ 14 എണ്ണം പിടിച്ചെടുക്കുകയുമായിരുന്നു.
ഓരോന്നും എട്ടു മുതൽ 10 കിലോ വരെ ഭാരമുള്ള പൊതികളായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശാഖപട്ടണത്തിന് സമീപമുള്ള രാജ മുണ്ട്രിയിൽ നിന്നും ഭാരത് ബെൻസ് ലോറിയിൽ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ എത്തിക്കുന്ന കഞ്ചാവ് സംഘം കേരളത്തിലേക്ക് പഴം പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വൻതുക വാഗ്ദാനം ചെയ്തു കയറ്റി വിടും. ഇവിടെയെത്തുന്ന കഞ്ചാവ് പല സ്ഥലങ്ങളിലേക്കും ഏജന്റുമാർ മുഖേന എത്തിക്കും. കൊവിഡിന് മുമ്പ് അഞ്ഞൂറ് രൂപ ഉണ്ടായിരുന്ന പാക്കറ്റ് കഞ്ചാവിന് 1,500 രൂപയാണ് ഇപ്പോഴത്തെ വില.

കൊടുങ്ങല്ലൂർ സി.ഐ പി.കെ പത്മരാജൻ, എസ്.ഐ ഇ.ആർ ബൈജു, എസ്.ഐ മുഹമ്മദ് റാഫി, അഡീഷണൽ എസ്.ഐമാരായ ബസന്ത്, ഷാജു എത്താടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഡിവൈ.എസ്.പിമാരായ എം.കെ ഗോപാലകൃഷ്ണൻ, ഷാജു ജോസ്, ഫേമസ് വർഗ്ഗീസ്, സി.ആർ സന്തോഷ്, സി.ഐമാരായ പി.ആർ ബിജോയ്, എം.ജെ ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പരിശോധനയ്ക്ക് വിവിധ ഇടങ്ങളിൽ നേതൃത്വം നൽകിയത്.