ചാലക്കുടി: ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ചാലക്കുടി നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശീലന പരിപാടികൾ അടക്കം പ്രവർത്തനങ്ങൾ ആരംഭിച്ചു. വലിയ ഫോഗിംഗ് യന്ത്രം ഉപയോഗിച്ച് കൊതുകു നശീകരണത്തിനാണ് പരിശീലനം തുടങ്ങിയത്. വാഹനത്തിൽ സഞ്ചരിച്ച്‌ ഫോഗിംഗ് നടത്താൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത.

രാസ പദാർത്ഥമായ പൈറിത്രിം, ഡീസൽ എന്നിവ ഉപയോഗിച്ചാണ് പുക ഉതിർക്കുന്നത്. തിങ്കളാഴ്ച മുതൽ കൊതുകു നശീകരണത്തിന് തുടക്കമാകും. ആദ്യം നഗര പ്രദേശങ്ങളിലും തുടർന്ന് വാർഡ് തലങ്ങളിലും ആയിരിക്കും ഫോഗിംഗ് നടത്തുക. ഹെൽത്ത് സൂപ്രണ്ട് വി.സി. ബാലസുബ്രഹ്മണ്യം, എച്ച്.ഐ: എ.എം. രതീശൻ, ജെ.എച്ച്.ഐ: രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജീവനക്കാർക്ക് പരിശീലനം നൽകിയത്. കൗൺസിലർ വി.ജെ. ജോജിയും സന്നിഹിതനായിരുന്നു.