പാവറട്ടി: പരീക്ഷയ്ക്ക് കരുതലോടെ സമഗ്ര ശിക്ഷാ കേരള, മുല്ലശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്‌കുകൾ, ആരോഗ്യ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖ എന്നിവയുടെ വിതരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ് വിതരണോദ്ഘാടനം നടത്തി. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് എ.പി. ബെന്നി മാസ്‌കുകളും ലഘുലേഖകളും ഏറ്റുവാങ്ങി.
എളവള്ളി, വെങ്കിടങ്ങ് , പാവറട്ടി പഞ്ചായത്തുകളുടെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആലീസ് പോൾ, ശോഭന മുരളി, ഷൈനി ഗിരീഷ് എന്നിവർ പഞ്ചായത്തുകൾക്കു വേണ്ടി മാസ്‌കുകളും ലഘലേഖകളും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പാവറട്ടി ഡിവിഷൻ മെമ്പർ ഹസീന താജുദ്ദീൻ വീടുകളിലെത്തി വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പർമാരായ ബബിത ലിജോ, ഷൈനി സതീശൻ, സാംസ്‌കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.
പ്രവർത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മാർഗനിർദ്ദേശങ്ങളൂം ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ സി.ഡി. വിജി വിശദീകരിച്ചു. പരീക്ഷാ ദിവസങ്ങളിലും മാർഗ നിർദ്ദേശങ്ങളുമായി ബി.ആർ.സി ഉദ്യോഗസ്ഥർ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായിരിക്കും.