കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് എടവിലങ്ങ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി മേളയിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് മേഖല സെക്രട്ടറി എം.എ.നസീറാണ് തുക കൈമാറിയത്. ചടങ്ങിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.എസ്. ജയ, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് ഷിബു, സി.പി.ഐ എടവിലങ്ങ് ലോക്കൽ സെക്രട്ടറി പി.എസ്. അജയൻ എന്നിവർ പങ്കെടുത്തു. ഒരു ലക്ഷം രൂപ കണ്ടെത്തിയതിനൊപ്പം ഓരോ വീടുകളിൽ നിന്നും ഉൽപ്പന്ന പിരിവ് നടത്തി കൂടുതൽ സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ടെന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഇതിന്റെ ഭാഗമായുള്ള ആദ്യ പിരിവ് പനങ്ങാട്ട് താരജിൽ നിന്ന് നാളികേരക്കുല എറ്റുവാങ്ങി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പാർട്ടി ലോക്കൽ സെക്രട്ടറി അജയൻ, വാർഡ് മെമ്പർ സുമാവത്സൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ശ്രീരാജ്, ലോക്കൽ സെക്രട്ടറി നെസീർ, കെ.എ. സന്തോഷ്, തറയിൽ ജനകി എന്നിവർ സംബന്ധിച്ചു.