തൃശൂർ: രണ്ട് മാസത്തിലേറെ നീണ്ട ലോക്ക് ഡൗണിൽ പഴവും പച്ചക്കറികളും മതിയായ വില കിട്ടാതെ നശിച്ച് കർഷകർ നട്ടം തിരിയുമ്പോൾ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുള്ള വഴികളുമായി കാർഷിക സർവകലാശാല. കുറഞ്ഞത് പത്ത് കിലോഗ്രാം തൂക്കമുള്ള പഴങ്ങളോ പച്ചക്കറികളോ സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെൻ്ററിലെ ഭക്ഷ്യസംസ്കരണശാലയിൽ എത്തിച്ചാൽ അത് സംസ്കരിച്ച് പലതരം ഉത്പന്നങ്ങളാക്കാനുളള വഴികളും സഹായവും ലഭ്യമാകും. ഉത്പന്നം തയ്യാറാക്കാനുളള വസ്തുക്കളുടെ വിലയും കൂലിച്ചെലവും മാത്രമാണ് കർഷകരിൽ നിന്ന് ഈടാക്കുക. വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ചെലവ് കുറച്ചും ശാസ്ത്രീയമായും ഭക്ഷ്യ ഉത്പന്നങ്ങൾ ഉണ്ടാക്കാനാണ് കമ്മ്യൂണിക്കേഷൻ സെൻ്റർ വഴിയൊരുക്കുന്നത്. കർഷകർക്ക് താൽപ്പര്യമുളള ഉത്പന്നങ്ങൾ തയ്യാറാക്കി നൽകും. അതേസമയം, പഴം, പച്ചക്കറികളുടെ ഗുണനിലവാരമനുസരിച്ച് വിപണനസാദ്ധ്യതയുളള ഉത്പന്നങ്ങളും ഉണ്ടാക്കും. എല്ലാതരം പഴങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും തയ്യാറാക്കാനുളള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലുണ്ട്. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ തൊഴിലാളികളും ഇവിടെയുണ്ട്.
ലോക്ക് ഡൗൺ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃഖലയിലുണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി സർക്കാർ ആവിഷ്‌ക്കരിച്ച 'സുഭിക്ഷ കേരളം' പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർവകലാശാല സമഗ്ര തീവ്രയത്‌ന പരിപാടിക്ക് രൂപം കൊടുത്തിരുന്നു. കർഷകർക്കും കൃഷിയിൽ താൽപ്പര്യമുള്ള പ്രവാസികൾ അടക്കമുളള സംരംഭകർക്കും കാർഷികാനുബന്ധ സംരംഭങ്ങളിൽ ആവശ്യമായ പരിശീലനവും കൺസൾട്ടൻസിയും നൽകാൻ ഇതിൽ ഊന്നൽ നൽകിയിട്ടുണ്ട്. കർഷകർക്കും കർഷക കൂട്ടായ്മകൾക്കും അധികമായി ഉത്പാദിപ്പിക്കുന്ന വിളവുകൾ സംസ്‌കരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ സർവകലാശാല കേന്ദ്രങ്ങൾ ഒരുക്കി കൊടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തുകൾ ദത്തെടുത്ത് കർഷകരെയും കൂട്ടായ്മകളെയും പരിശീലിപ്പിക്കാനും ലക്ഷ്യമുണ്ട്. ഏതാനും മാസം മുമ്പാണ് ഭക്ഷ്യസംസ്കരണ കേന്ദ്രം തുടങ്ങിയതെങ്കിലും ഇപ്പോഴാണ് ശ്രദ്ധേയമാകുന്നത്.
നിബന്ധനകൾ:
പാക്ക് ചെയ്യാനുള്ള കവറുകൾ കൊണ്ടുവന്നാൽ പാക്കിംഗ് നടത്തും, ഇല്ലെങ്കിൽ കവറുകൾ നൽകും
കാർഷിക സർവകലാശാലയുടെ പേരിൽ ഉത്പന്നങ്ങൾ വിൽപന നടത്താൻ കഴിയില്ല
സ്വന്തം സ്ഥാപനങ്ങളുടെ പേരിൽ കർഷകർക്ക് വിപണനം നടത്താൻ കഴിയും
വിവരങ്ങൾക്ക്: 0487 2370773, 9497412597
ccmannuthy@kau.in
ശാസ്ത്രീയമായി തയ്യാറാക്കുന്നതിനാൽ കൂടുതൽ കാലം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ കഴിയും. ഏത് അളവിലുളള പാക്കിംഗും ചെയ്യാൻ കഴിയും. വിപണിയിലെ സാദ്ധ്യതകൾ സംബന്ധിച്ച അറിവുകളും നിർദ്ദേശങ്ങളും നൽകും.
കമ്മ്യൂണിക്കേഷൻ സെൻ്റർ അധികൃതർ