സർവീസ് നടത്തുന്നത്

കെ.എസ്.ആർ.ടി.സി ബസുകൾ 92

ഇന്ന് മുതൽ 30 വരെ കൂടുതൽ സർവീസ്

സ്വകാര്യ ബസുകൾ 150 (ആകെ 1500, അന്തർജില്ലയടക്കം)

തൃശൂർ : ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പൊതുഗതാഗതത്തിന് അനുമതി ലഭിച്ചെങ്കിലും സ്വകാര്യ ബസുകൾ പൂർണ്ണമായി നിരത്തിലിറങ്ങാൻ ഇനിയും സമയമെടുക്കും. കെ.എസ്.ആർ.ടി.സിയും ഭാഗികമായിട്ടാണ് സർവീസ് നടത്തുന്നത്. ഇതുകൊണ്ട് യാത്രക്കാർ പുറത്തിറങ്ങാൻ തയ്യാറാകുന്നില്ല. പുറത്തിറങ്ങുന്നവർ തന്നെ ബസുകൾ ലഭിക്കാതെ വട്ടം തിരിയുന്നു. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാവിലെയും വൈകീട്ടും യാത്രക്കാരുടെ വൻതിരക്കാണ്. ജില്ലയിൽ ആകെ 92 സർവീസ് മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. വൈകീട്ട് നാലു മുതൽ ആറ് വരെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും നടപടി ഉണ്ടായിട്ടില്ല.

യാത്രക്കാരിൽ ഭൂരിഭാഗവും ഹ്രസ്വദൂര യാത്രക്കാരാണെന്നും അതുകൊണ്ട് തന്നെ ഇവർ ബസുകളിൽ കയറി എകദേശം പത്ത് കിലോമീറ്റർ കഴിഞ്ഞാൽ ബസുകൾ ആളില്ലാതെയാണ് ഓടുന്നതെന്നും അധികൃതർ പറയുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി സർവീസിനെ കുറിച്ച് വ്യക്തമായ അറിയിപ്പ് നൽകുന്നില്ലെന്ന് യാത്രക്കാരും പരാതിപ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. പൊതുഗതാഗതം ഏഴിന് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇത് പ്രകാരം നേരത്തെ കടകളിൽ നിന്നും സ്ഥാപനങ്ങളിലും ഇറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇന്ന് കൂടുതൽ സർവീസ്


എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ കണക്കിലെടുത്ത് ഇന്ന് കെ.എസ്.ആർ.ടി.സി ജില്ലയിൽ 35 സർവീസുകൾ കൂടുതൽ നടത്തും. ഓരോ ഡിപ്പോയിലും അഞ്ച് അധിക സർവീസാണ് നടത്തുക. എല്ലാ പ്രധാന റൂട്ടുകളിലും സർവീസ് ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ എഴ് മുതൽ രാവിലെ 11 വരെ വൈകീട്ട് 3 മുതൽ എഴ് വരെയുമാണ് സർവീസ് പരീക്ഷ പ്രമാണിച്ച് പൂർണ്ണ സമയം ഉണ്ടാകും.

നിരത്തിലിറങ്ങിയത് 150 ബസുകൾ


ചർജ്ജ് വർദ്ധന സംബന്ധിച്ച് പ്രതിഷേധം നിലനിൽക്കെ ജില്ലയിൽ 150 ഓളം ബസുകൾ സർവീസ് ആരംഭിച്ചു. കുന്നംകുളം മേഖലയിലേക്കാണ് ഏറ്റവും കൂടുതൽ സർവീസ് ഉള്ളത്. അറ്റകുറ്റപണി തീരുന്ന മുറയ്ക്ക് ബസുകൾ സർവീസ് ആരംഭിച്ചു. എന്നാൽ പ്രധാന റൂട്ടുകളിലാണ് കൂടുതൽ സർവ്വീസ്. ഇത് കൂടുതൽ ബസുകൾ ഇല്ലാത്ത റൂട്ടുകളിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ജില്ലയിൽ 1500 ഓളം സ്വകാര്യ ബസുകളാണ് ഉള്ളത്. ഇതിൽ 45 ശതമാനവും അന്തർജില്ലാ സർവ്വീസ് നടത്തുന്ന ബസുകളാണ്. ഇവർക്ക് സർവ്വീസ് നടത്താൻ അനുമതിയായിട്ടില്ല.

................

യാത്രാ ക്ലേശം പരിഹരിക്കാൻ പരമാവധി ശ്രമങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഹ്രസ്വദൂര യാത്രക്കാർ മറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് ദീർഘദൂര യാത്രക്കാർക്ക് സൗകര്യം ഒരുക്കണം

(സെബി, ഡി.എസ്.ഒ തൃശൂർ)

....................


ജൂൺ ഒന്നാം തീയതിയോടെ ഭൂരിഭാഗം സ്വകാര്യ ബസുകളും നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപണി നടന്നുകൊണ്ടിരിക്കുകയാണ്. ഉടമകളുടെ സാമ്പത്തിക ബുദ്ധിമുട്ടും പണികൾ വേഗത്തിലാക്കാൻ തടസമാകുന്നുണ്ട്.


(ആന്റോ ഫ്രാൻസിസ്, പ്രൈവറ്റ് ബസ് ഓപറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി)..