എരുമപ്പെട്ടി: നിരീക്ഷണത്തിൽ കഴിയുന്നവരുടെ പെരുന്നാൾ ദിനം ആഘോഷമാക്കി കടങ്ങോട് പഞ്ചായത്തും പൊലീസും. ഉച്ചഭക്ഷണമായി ബിരിയാണിയും വിരസത അകറ്റാൻ സംഗീതവും ഒരുക്കിയാണ് ക്വാറന്റൈനിലുള്ളവർക്ക് ചെറിയ പെരുന്നാൾ ആസ്വാദ്യകരമാക്കിയത്. വെള്ളറക്കാട് തേജസ് എൻജിനിയറിംഗ് കോളേജിലും അക്കിക്കാവ് റോയൽ എൻജിനിയറിംഗ് കോളേജിലും വെള്ളറക്കാട് ആയുർവേദ ആശുപത്രിയിലുമാണ് 90 പ്രവാസികൾ ക്വാറന്റൈനിൽ കഴിയുന്നത്.
കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണമാണ് ഇവർക്ക് സാധാരണ നൽകി വരുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ബിരിയാണി നൽകിയത്. പ്രളയകാലത്തും കൊവിഡ് കാലത്തും പഞ്ചായത്തിന് കൈത്താങ്ങായി പ്രവർത്തിക്കുന്ന ഞങ്ങൾ നിങ്ങൾക്കൊപ്പം എന്ന സാമൂഹിക, ജീവ കാരുണ്യ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ബിരിയാണി തയ്യാറാക്കിയത്. ഇതിന് പുറമെയാണ് എരുമപ്പെട്ടി പൊലീസിന്റെ സംഗീത വിരുന്ന്.
പൊലീസ് ഓർക്കസ്ട്രയിലെ ഗായകനും എരുമപ്പെട്ടി സ്റ്റേഷനിലെ എ.എസ്.ഐയുമായ ഇ.വി. സുഭാഷാണ് കരോക്കെ ഗാനമേള അവതരിപ്പിച്ചത്. ഒരാഴ്ച മുൻപാണ് കടങ്ങോട് പഞ്ചായത്തിൽ പ്രവാസികളും മറുനാടൻ മലയാളികളും ക്വാറന്റൈനിൽ കഴിയാൻ എത്തിയത്. അന്ന് മുതൽ മികച്ച സൗകര്യം ഒരുക്കിയും ഭക്ഷണവും പഴവർഗങ്ങളും മരുന്നും നൽകിയും വലിയ കരുതലാണ് പഞ്ചായത്ത് ഇവർക്ക് നൽകുന്നത്.