തൃശൂർ : കൊവിഡ് 19ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് പുനരാരംഭിക്കും. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ 35,319 വിദ്യാർത്ഥികളാണ് പരീക്ഷാ ഹാളിലെത്തുന്നത്. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ പരീക്ഷകളാണ് ഇന്ന് മുതൽ മൂന്ന് ദിവസമായി നടക്കുക. കർശന നിയന്ത്രണങ്ങളോടെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഓരോ പരീക്ഷാ കേന്ദ്രവും ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകളിലേക്ക് ഒരു പ്രവേശനമാർഗം മാത്രമായിരിക്കും ഉണ്ടാകുക. ഇവിടെ കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്‌കാനറുകൾ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ തെർമൽ സ്‌കാനറുപയോഗിച്ച് പരിശോധിച്ച് കൈകൾ സാനിറ്റൈസ് ചെയ്താണ് പരീക്ഷ ഹാളിലേക്ക് എത്തിക്കുക. ജില്ലാ പഞ്ചായത്തിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും നേതൃത്വത്തിൽ ജില്ലയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 5,40,000 മാസ്‌കുകളാണ് എത്തിച്ചു നൽകിയത്.
പരീക്ഷ
ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാല് വരെ.
വിദ്യാർത്ഥികൾ അര മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം
പരീക്ഷ കേന്ദ്രങ്ങൾ : 259
സർക്കാർ മേഖലയിൽ 83 എണ്ണം
എയ്ഡഡ് 148
അൺ എയ്ഡഡ് : 30
സാമുഹിക അകലം
ഒരു ഹാളിൽ 20 കുട്ടികൾ എന്ന നിലയിലാണ് ക്രമീകരണം .സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒന്നരമീറ്റർ ഇടവിട്ടാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. നേരിയ താപനില വ്യത്യാസമോ ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള കുട്ടികളെ പ്രത്യേകമായി മാറ്റിയിരുത്തി പരീക്ഷ എഴുതിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർത്ഥികളെ കൂട്ടം ചേരാൻ അനുവദിക്കില്ല. രക്ഷിതാക്കൾക്കും സ്‌കൂൾ അങ്കണത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. 3475 ഇൻവിജിലേറ്റർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
അമ്പത് കുട്ടികൾക്ക് ഒരാൾ
തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഓരോ 50 കുട്ടികൾക്കും ഒരാൾ എന്ന നിലയിൽ പരിശീലനം ലഭിച്ച അദ്ധ്യാപകരെയും ഓരോ പരീക്ഷാകേന്ദ്രത്തിലും രണ്ട് ആരോഗ്യ പ്രവർത്തകരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ കുട്ടികൾ
സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ്. 599 പേർ. ചാവക്കാട് കടപ്പുറം ഗവ. റസിഡൻഷ്യൽ ഫിഷറീസ് സ്‌കൂളിലാണ് ഏറ്റവും കുറവ് ഒമ്പതു പേർ. എയ്ഡഡ് വിഭാഗത്തിൽ മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് എറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്. 481പേർ..