anunaseekaranam
എരുമപ്പെട്ടി സ്‌കൂളിലെ ക്‌ളാസ്മുറികൾ അണുനശീകരണം നടത്തുന്നു

എരുമപ്പെട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർണം. 599 കുട്ടികളാണ് ഈ സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 925 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്.

ജില്ലയ്ക്ക് പുറത്ത് നിന്ന് ഒരു വിദ്യാർത്ഥിയും എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നുണ്ട്. ക്ലാസ് മുറികളും ഫർണിച്ചറുകളും കഴുകി വൃത്തിയാക്കുകയും ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ അണു നശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൈകഴുകുന്നതിനായി പുതിയ വാഷ് ബെയ്‌സനുകൾ സ്ഥാപിച്ചു. സ്‌കൂളിലേക്ക് ആവശ്യമായ സാനിറ്റൈസറുകൾ എസ്.എഫ്.ഐ നൽകിയിട്ടുണ്ട്.

കുട്ടികളുടെ പ്രാഥമിക പരിശോധന നടത്താനുള്ള തെർമ്മൽ സ്‌കാനറും അദ്ധ്യാപകർക്കുള്ള കൈയുറകളും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിൽ എത്തിച്ചിട്ടുണ്ട്. വാഹന സൗകര്യമില്ലാത്ത കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ കുട്ടഞ്ചേരി, ചിറ്റണ്ട സ്‌കൂളുകളിലെ മൂന്ന് ബസുകളും തയ്യാറാക്കിയിട്ടുണ്ട്.

കുട്ടികളെ പ്രോട്ടോക്കോൾ പ്രകാരമുള്ള അകലം പാലിച്ചാണ് പരീക്ഷയെഴുതിക്കുക. അതിനാൽ തന്നെ സാധാരണയുള്ളതിനേക്കാൾ കൂടുതൽ ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഹെഡ് മാസ്റ്റർ എ.എ. അബ്ദുൾ മജീദ്, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ എന്നിവർ അറിയിച്ചു.